റേഷൻ കാർഡിനായുള്ള അപേക്ഷ സ്വീകരിക്കൽ നടപടികൾ കരിമ്പ ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായി.

റേഷൻ കാർഡിനായുള്ള അപേക്ഷകളും, തിരുത്തലുകൾക്കുമുള്ള സ്വീകരിക്കൽ നടപടികൾ കരിമ്പ ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായി. രാവിലെ പത്ത് മണിയോടെയാണ് റേഷൻ കാർഡ് സംബന്ധിച്ച് വിവിധ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. പൊതുജനങ്ങളുടെ സൗകര്യാർത്ഥം അപേക്ഷകൾ സ്വീകരിക്കുന്നത് അതാതു പഞ്ചായത്തുകളിലേക്ക് മാറ്റിയതിൽ വ്യാഴാഴ്ചയാണ് കരിമ്പ പഞ്ചായത്തിനായി നിശ്ചയിച്ചത്. പഞ്ചായത്ത് ഓഫീസിലെ അസൗകര്യം കണക്കിലെടുത്ത് അധികൃതർ സ്ഥലം സമീപത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. രാവിലെ മുതൽ തന്നെ വൻ ജന തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ റേഷൻ കാർഡിനുള്ള

അപേക്ഷകൾ, നിലവിലുള്ളതിലെ തിരുത്തലുകൾ തുടങ്ങിയവയ്ക്കായി എണ്ണൂറിലധികം ജനങ്ങളാണ് എത്തിച്ചേർന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയെ സംബന്ധിച്ച് പൊതുവിതരണ വകുപ്പ് അന്തിമ തീരുമാനമറിയിക്കാത്തത് ജനങ്ങളുടെ തള്ളിക്കയറലിനിടയാക്കിയെന്ന് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ അറിയിച്ചു. കരിമ്പക്കായി വീണ്ടുമൊരു ദിനം കൂടി അനുവദിക്കണമെന്ന് ജയശ്രീ ആവശ്യപ്പെട്ടു. ജൂൺ 25-ന് ആരംഭിച്ച പൊതുവിതരണ വകുപ്പിന്റെ നടപടികൾ അട്ടപ്പാടി മേഖലയുൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പൂർത്തിയായി. വെള്ളിയാഴ്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലും പൂർത്തീകരിക്കുന്നതോടെ സമാപനം കുറിക്കും.

Related