കുന്തിപ്പുഴ സഫീർ വധം : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പുതിയ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്‌.

കുന്തിപ്പുഴ സഫീർ വധം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരനെയാണ് സഫീർ വധക്കേസന്വേഷണത്തിൽ നിന്ന് മാറ്റിയത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിനാണ് പുതിയ ചുമതല. ഫെബ്രുവരി 25-നാണ് കുന്തിപ്പുഴ സ്വദേശിയും, നഗരസഭ കൗൺസിലർ സിറാജുദ്ദീന്റെ മകനുമായ സഫീർ കൊല്ലപ്പെട്ടത്. തുടർന്ന് അന്വേഷണം ആരംഭിച്ച അന്നത്തെ മണ്ണാർക്കാട് സി ഐ ഹിദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാന പ്രതികളെ പിടികൂടി. എന്നാൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഹിദായത്തുള്ള മാമ്പ്രയെ മാറ്റി പകരം ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരന് അന്വേഷണ ചുമതല

നൽകി. തുടർന്നുള്ള അന്വേഷണത്തിന് ശേഷം പതിനൊന്ന് വ്യക്തികളെ പ്രതിചേർത്ത് കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചന പ്രതികളെ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്ന് കുന്തിപ്പുഴ നമ്പിയത്ത് വീട്ടിൽ നാസറിനും, നിസാറിനുമെതിരെയും കുറ്റപത്രം സമർപ്പിച്ചു. ഇതിന് ശേഷം ഗൂഢാലോചന കുറ്റം ചുമത്തിയ പ്രതികൾക്ക് സുരക്ഷിത താവളമൊരുക്കിയെന്ന കേസിൽ എ ഐ വൈ എഫ് നേതാവ് പി.നൗഷാദിനെയും പ്രതിചേർത്തെങ്കിലും സാങ്കേതിക അപാകതകൾ കാരണം ഇത് കോടതി സ്വീകരിച്ചില്ല. ക്രിയാത്മകമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനിരിക്കുന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് അപൂർവ്വമാണ്. ഇതിൽ പോലീസിന് മേലുള്ള രാഷ്ട്രീയ സമ്മർദ്ദം വ്യക്തമാവുന്നു.

Related