സ്വകാര്യ വ്യക്തി വേലി കെട്ടി: മണ്ണാർക്കാട്, തെങ്കര സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണം മുടങ്ങി

മണ്ണാർക്കാട് തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ വഴി സ്വകാര്യ വ്യക്തി വേലി കെട്ടി അടച്ചു. പദ്ധതി നിർമ്മാണം മുടങ്ങി. മണ്ണാർക്കാട് നഗരസഭയിലെയും തെങ്കര പഞ്ചായത്തിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമാണ് കുന്തിപ്പുഴ ചോമേരിയിൽ നിർമ്മിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ്, പമ്പ് ഹൗസ്, കിണർ, പമ്പിങ് മെയിൻ എന്നിവ പൂർത്തിയായി. എട്ട് കോടി രൂപ ചിലവിലാണ് ഇതെല്ലാം പൂർത്തിയാക്കിയത്. നിർമ്മാണം ഏതാണ്ടു പൂർത്തായപ്പോഴാണു ഇവിടെക്കുള്ള വഴിയിൽ സ്വകാര്യ വ്യക്തി വേലി കെട്ടിയത്. ഇതോടെ നിർമ്മാണം നിർത്തി വച്ചു. നിലവിൽ പദ്ധതിയുടെ കോംപൗണ്ടിലേക്കു വാഹനങ്ങൾ കടത്താൻ നിർവാഹമില്ല. മോട്ടോറുകൾ, പൈപ്പുകൾ, ജനറേറ്റർ തുടങ്ങിയ സാമഗ്രികളെല്ലാം ഇവിടേക്ക് കൊണ്ടു വരാൻ മാർഗ്ഗമില്ലാതായി. നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയാലും പമ്പ് സെറ്റുകളും മറ്റ്

സാമഗ്രികളും കൊണ്ടു വരാനും കൊണ്ടു പോകാനും വാഹനം അകത്തു കടക്കണം. മണ്ണാർക്കാട് ബൈപ്പാസിൽ നിന്ന് 100 മീറ്ററിൽ താഴെ ദൂരത്താണു പദ്ധതി. വാഹനം പോകുന്ന വിധത്തിൽ ഇവിടേക്കു വഴിയുണ്ടായിരുന്നു. ഇതുവരെയുള്ള നിർമ്മാണ സാമഗ്രികളെല്ലാം ഈ വഴിയിലൂടെയാണു കൊണ്ടു പോയിരുന്നത്. ഇതിനിടെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ കഴിഞ്ഞ ദിവസം ഇവിടേക്കുള്ള വഴിയിൽ സ്വകാര്യ വ്യക്തി വേലി കെട്ടിയത്. എന്നാൽ കുടിവെള്ള പദ്ധതിയിലേക്കുള്ള വഴി തടസപ്പെടു ത്തിയിട്ടില്ലന്നു സ്വകാര്യ വ്യക്തി പറഞ്ഞു. മൂന്ന് അടി വഴിയാണു ഇവിടെയുണ്ടായിരുന്നത്. ഇതിലൂടെ ഒരടി കൂടി വഴിക്കു വിട്ടു കൊടുത്ത് തങ്ങളുടെ സ്ഥലത്താണു വേലി കെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. വഴിയില്ലാത്ത സ്ഥലത്ത് പ്ലാന്റ് നിർമ്മിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന പരാതി ഉയർന്നിട്ടുണ്ട്.

Related