നൊട്ടമ്മലയില്‍ എന്റോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സമാന രോഗലക്ഷണവുമായി 22 കുട്ടികള്‍. 5 പേര്‍ മരിച്ചു. വിശദ പഠനം വേണമെന്ന് കുടുംബങ്ങള്‍.

എൻഡോസൾഫാൻ ബാധിതർക്കു സമാനമായ രോഗ ലക്ഷണവുമായി 22 കുട്ടികൾ മണ്ണാർക്കാട് നഗരാതിർത്തിയിൽ. നൊട്ടമ്മല, വിയ്യകുർശ്ശി, കൊറ്റിയോട്, ചീളിപ്പാടം ഭാഗങ്ങളിലായാണ് ഗുരുതരമായ അംഗവൈകല്യത്തോടു കൂടിയ കുട്ടികൾ വിവിധ കുടുംബങ്ങളിലായുള്ളത്. 5 മുതൽ 18 വയസു വരെ പ്രായമുള്ളവർക്കാണ് ജന്മനാ വൈകല്യമുള്ളത്. സെറിബ്രൽ പാൾസി,മെന്റൽ റിട്ടാർഡേഷൻ, തുടങ്ങിയ രോഗം ബാധിച്ചവരാണ് ഭൂരിഭാഗവും. ഇരിക്കാൻ കഴിയാത്തവരും കിടന്ന കിടപ്പിൽ നിന്നു തിരിഞ്ഞു കിടക്കണമെങ്കിൽ പോലും പര സഹായം വേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. രോഗബാധിതരായ 5 കുട്ടികളാണ് ഇതിനകം മരണമടഞ്ഞത്. മിക്ക കുട്ടികളും സാധാരണ കുടുംബങ്ങളിലുള്ളവരാണ്. കുട്ടിയെ നോക്കാൻ ഓരാൾ കൂടെ നിർബന്ധമാണ്. പല കുട്ടികൾക്കും തുടർ ചികിത്സ ആവശ്യമെങ്കിലും

സാമ്പത്തിക പരാധീനത മൂലം പലരുടെയും ചികിത്സ മുടങ്ങി. രോഗികളായ കുട്ടികളുടെ രോഗത്തിന്റെ അവസ്ഥയ്ക്കും മാറ്റം വരുന്നുണ്ട്. ഇതെല്ലാം സാധാരണക്കാരായ രക്ഷിതാക്കളുടെ ആശങ്ക വർദ്ദിപ്പിക്കുകയാണ്. സർക്കാരിന്റെ ഒരു വിധ സഹായവും ഇവർക്ക് ഇതു വരെ ലഭിച്ചിട്ടില്ല. ചെറിയൊരു പ്രദേശത്ത് സമാന രോഗം ഇത്രയും പേർക്ക് എങ്ങനെ സംഭവിച്ചു എന്നത് പഠനം നടത്തേണ്ടതാണ്. മാത്രമല്ല പല കുട്ടികളെയും മാസം തികയും മുൻപെ പ്രസവിച്ചതാണെന്നതും ആശങ്ക ജനിപ്പിക്കുന്നു. ഇത്തരം രോഗമുള്ളവരുടെ ശരാശരിയും മണ്ണാർക്കാട് താലൂക്കിന്റെ ശരാശരിയും ഒത്തു നോക്കേണ്ടതുണ്ട്. ഇതിനായി വിശദമായ പഠനം നടത്തണം. ഇതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് ഒരു പഠനവും നടന്നിട്ടല്ലന്ന് രോഗികളായ കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.

Related