അമ്പലപ്പാറയില്‍ മലപിളര്‍ന്ന ഭാഗം ജിയോളജി വകുപ്പ് പരിശോധിച്ചു. ശക്തമായ മഴ ഉരുള്‍പ്പൊട്ടലുണ്ടാകാനിടയാകുമെന്ന് റിപ്പോര്‍ട്ട്.

50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അമ്പലപ്പാറ ആദിവാസി കോളനിയിലുള്ളവരാണ് മലപിളര്‍ന്നതോടെ കിടപ്പാടം നഷ്ട്ടപ്പെട്ട അവസ്ഥയിലായത്. മല പിളര്‍ന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ കോട്ടോപ്പാടം കല്ലടി ഹൈസ്‌ക്കൂളിലെ ക്യാമ്പിലായിരുന്നു താമസം. ഇവിടെയെത്തിയ റവന്യൂ വകുപ്പധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പ് പ്രദേശത്തെത്തി പരിശോധന നടത്തിയത്.

പ്രദേശത്തെ ജനവാസം ഒഴിവാക്കണമെന്നും രണ്ട് ദിവസത്തിലധികം മഴ കനത്ത് പെയ്താല്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് സംഘത്തിന്റെ അഭിപ്രായം. ശക്തമായി ഉരുള്‍പ്പൊലുണ്ടായാല്‍ ഇത് അടിവാരത്തുള്ള കുടുംബങ്ങളേയും ബാധിക്കും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഘം പറഞ്ഞു. ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് അരുണ്‍ചന്ദ്, റവന്യൂ അധികൃതര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Related