സൈലന്റ് വാലി ഇക്കോ സെന്‍സിറ്റീവ് സോണില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപെടുത്തിയതിനെതിരെ ‌കർഷകർ പരാതിയുമായി മണ്ണാർക്കാട് ഫോറെസ്റ്റ് ഓഫീസിലേക്ക് പദയാത്ര നടത്തി.

സൈലന്റ് വാലി ബഫർ സോൺ. മണ്ണാർക്കാട് നഗരത്തിൽ കർഷക പ്രക്ഷോഭം ഇരമ്പി. വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടന്നു. ജില്ല കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പദയാത്ര നടത്തിയത്. നൂറു കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിൽ അണി നിരന്നത്.കെടിഎം ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച യാത്ര ഡിഎഫ്ഒ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ലോക സഭാംഗം വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ലോല പ്രദേശത്തിന്റെ സംരക്ഷണത്തിനുള്ള നിയമങ്ങളുടെ മറവിൽ കർഷകനും, കാർഷിക ഭൂമിയും ഉൾപ്പെടുന്ന പ്രകൃതിയുടെ സംരക്ഷണം ഇല്ലാതാവരുതെന്ന് വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.എക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കുമ്പോൾ, സംസ്ഥാന സർക്കാർ നൽകേണ്ട നിർദേശം നൽകിയിട്ടില്ല.സൈലന്റ് വാലി ഉൾപ്പെടെയുള്ള ബഫർ സോണിൽ വനമേഖല ആകാശമാർഗം അളവ് നടത്തി നിർദേശം കൊടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്. എന്നാൽ നിരവധി ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലേക്ക് അളവ് വ്യാപിപ്പിച്ചു. അശാസ്ത്രീയമായ രീതിയിൽ

നടത്തിയ ഫോറസ്റ്റിന്റെ റിപ്പോർട്ടാണ് കേന്ദ്രത്തിന് നൽകിയത്. ഈ നിർദേശ പ്രകാരമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് അന്തിമമാക്കരുത് എന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടതാണ്. ഇത് കർഷകരെ ഗുരുതരമായി ബാധിക്കും.ഫോറസ്റ്റിനു ജനങ്ങളെ കൂടി സംരക്ഷിക്കാൻ ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ അനീതിയാണ് കാണിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 24 വില്ലേജുകൾ ഒഴിവാക്കിയത് എന്തിനെന്നു സർക്കാർ വ്യക്തമാക്കണം. പരിസ്ഥിതി ദുർബലപ്പെട്ട മുതലമടയെയും ഒഴിവാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് . ഉന്നത ഉദ്യോഗസ്ഥർ വന്യ മൃഗങ്ങളെക്കാൾ വന്യമാണ്.മനുഷ്യ ജീവനുകളെ വെല്ലുവിളിച്ചു നിയമം നടപ്പിലാക്കിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ശ്രീകണ്ഠൻ പ്രഖ്യാപിച്ചു. തുടർന്ന് കർഷക സംരക്ഷണ സമിതി പ്രതിനിധികൾക്കൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.1547 പരാതികളാണ് നൽകിയത്. പരിപാടിയിൽ കെ.ടി.തോമസ്, അലക്സ്‌ ഒഴുകയിൽ, ജോൺസൺ, പി.സി.ബേബി,വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി. എ. സലാം, വി.വി.ഷൗക്കത്തലി,പി. മണികണ്ഠൻ, ഗഫൂർ കോൽകളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Related