പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ 22 കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പാല് കാച്ചി പ്രതിഷേധിച്ച് കുടുംബങ്ങള്‍.

2019 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ 22 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ സ്ഥലം പകരം കണ്ടെത്തി വീട് വെക്കുന്നതിനാവശ്യമായ തുക അനുവദിച്ചെങ്കിലും ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് അഗളി മിനി സിവില്‍ സ്‌റ്റേഷനിലേക്ക് താമസം മാറ്റുകയാണെന്ന് പ്രതിഷേധക്കാരായ കുടുംബങ്ങള്‍. മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പാല് കാച്ചി പ്രതിഷേധിച്ചു. 4 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ കുറവന്‍പാടി, നക്കുപ്പതി, ഇന്ദിരാ കോളനി എന്നിവിടങ്ങളിലെ ജനങ്ങളാണ് സമരവുമായെത്തിയത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളോട് നാലു സെന്‍്‌റിന്‍ കുറയാത്ത താമസയോഗ്യമായ സ്ഥലം കണ്ടെത്തുവാന്‍ മുമ്പുണ്ടായിരുന്ന തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നെല്ലിപ്പതിയിലും നായ്ക്കര്‍പാടിയിലും കണ്ടെത്തിയ ഭൂമികള്‍ കൈമാറ്റത്തിന് നിയമകുരുക്കുള്ളതിനാല്‍ അവ വാങ്ങുവാനായില്ല. ശേഷം ഭൂതിവഴിയില്‍ കണ്ടെത്തിയ 1.98 ഏക്കര്‍ സബ് കളക്ടര്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് വാസയോഗ്യമാണെന്ന കണ്ടെത്തി അര്‍ഹര്‍ക്ക് നല്‍കാന്‍ ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ ഇപ്പോഴത്തെ തഹസില്‍ദാര്‍ തയ്യാറാകുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭൂമാഫിയകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലം നിര്‍ബന്ധപൂര്‍വ്വം വാങ്ങിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും

ആരോപിക്കുന്നു. എന്നാല്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഭൂമിയുടെ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വിജിലന്‍സിനും കളക്ടര്‍ക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സം ഉന്നയിക്കുന്നതെന്നാണ് അധികാരികള്‍ പറയുന്നത്. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷക്കാല വരവോടെ ഇവരുടെ ജീവിതം അപകടത്തിലാകും. രാഷ്ട്രീയ നേതാക്കളും സമരനേതാക്കളുമായി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) എ. എന്‍. മുഹമ്മദ് റാഫി, അട്ടപ്പാടി തഹസില്‍ദാര്‍ വേണുഗോപാല്‍, മണ്ണാര്‍ക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ (ദുരന്ത നിവാരണം) രാമന്‍കുട്ടി, അഗളി ഇന്‍സ്‌പെക്ടര്‍ മഞ്ചിത് ലാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരക്കാര്‍ സമരം തുടര്‍ന്നു. അഗളി എ.എസ്.പി. പദം സിംഗ് ഐ.പി.എസിന്‍്‌റെ നേതൃത്വത്തില്‍ സമരക്കാരെ പുറത്താക്കി സിവില്‍ സ്‌റ്റേഷന്‍ അടച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളേയും പഞ്ചായത്ത് പ്രതിനിധികളേയും ചര്‍ച്ചക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് സമരനേതാക്കള്‍ അറിയിച്ചു.