കണ്ടമംഗലത്ത് കോഴിഫാമിൽ അഗ്നിബാധ : 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ അഗ്നിബാധയിൽ 3000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു, മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിലാണ് തീപിടുത്തമുണ്ടായത്. കണ്ടമംഗലം പനമ്പള്ളി അരിയൂർ, ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തിങ്കളാഴ്ച രാത്രി 10.30 ഓടെ അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണം. ഉഷ്ണതരംഗത്തെ ചെറുക്കുവാനായി കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് രൂപത്തിൽ നിർമിച്ചിരുന്നു. ഇവ കത്തിയതോടെ തീ ആളി പടർന്നു. രാത്രിയായതിനാൽ തൊഴിലാളികൾ ഫാമിൽ ഉണ്ടായിരുന്നില്ല.





കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് അതിഥി തൊഴിലാളികൾ എത്തുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന്, വട്ടമ്പലത്ത് നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് അജീഷ് ജി, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ വി. സുരേഷ് കുമാർ, ശ്രീജേഷ്. ആർ, പ്രശാന്ത് കെ, ഷാജിത്, ഷോബിൻ ദാസ്, സന്ദീപ് ടി തുടങ്ങിയവർ പങ്കാളികളായി.

Related