മുദ്രാ ലോൺ ശരിയാക്കാനായി 60000 രൂപ വാങ്ങി, തിരികെ ചോദിച്ചപ്പോൾ ഇടനിലക്കാരൻ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു, ചികിത്സ തേടി വട്ടമ്പലം സ്വദേശി

മുദ്രാ ലോൺ എടുത്ത് തരാമെന്ന് പറഞ്ഞ് 60000 രൂപ വാങ്ങി കബളിപ്പിച്ചു, നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇടനിലക്കാരൻ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പരാതി, താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വട്ടമ്പലം സ്വദേശി. ടാപ്പിംഗ് തൊഴിലാളിയായ കുമരംപുത്തൂർ വട്ടമ്പലം ഇരുമ്പൻ വീട്ടിൽ മുഹമ്മദ് ബഷീറിനാണ് മർദനമേറ്റത്. തുണിക്കച്ചവടത്തിനായി ബഷീറും ഭാര്യയും ബാങ്കിൽ നിന്ന് മുദ്രാ വായ്പ എടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശിയായ മൻസൂർ സഹായിക്കാമെന്നേറ്റെന്നും ഇതിനായി ബഷീറിന്റെ പക്കൽ നിന്നും 60000 രൂപ കൈപ്പറ്റുകയായിരുന്നുവെന്നും ബഷീറിന്റെ ഭാര്യാ പിതാവ് ഉമ്മർ പറഞ്ഞു. എന്നാൽ





നാലു മാസം കഴിഞ്ഞിട്ടും വായ്പയോ കൈപ്പറ്റിയ രൂപയോ തിരികെ ലഭിച്ചില്ല. തുടർന്ന് ഇന്ന് മണ്ണാർക്കാട് കെ ടി എം സ്കൂളിന് സമീപം ബഷീർ മൻസൂറിനെ യാദൃചികമായി കാണുകയും പണം തിരികെ നൽകുവാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പണം തരില്ലെന്ന് വ്യക്തമാക്കിയ മൻസൂർ ബഷീറിനെ തന്റെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് ഉമ്മർ പറഞ്ഞു. മുഖത്തിന്റെ ഇടതു വശത്തായി പരിക്കേറ്റ ബഷീർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൻസൂറിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ തട്ടിപ്പിനുമേൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Related