മണ്ണാര്‍ക്കാട് പോളിംഗ് കുറവ് : യുഡിഎഫ് കേന്ദ്രങ്ങളിലെന്ന് എല്‍ഡിഎഫ്, മികച്ച ഭൂരിപക്ഷം ഇത്തവണയും മണ്ണാര്‍ക്കാടാകുമെന്ന് യുഡിഎഫ്

2019 ല്‍ പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 77.72 % മായിരുന്നു പോളിംഗ്. ഇത്തവണയത് 73.37 % ആയി കുറഞ്ഞു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പോളിംഗും 77.65 ല്‍ നിന്ന് മൂന്ന് % കുറഞ്ഞ് 74.51 ആയി, കോങ്ങാടും ഈ കുറവ് പ്രകടമാണ്. 76.43 ല്‍ നിന്നും 73.99 ലെത്തി. പോളിംഗ് കുറഞ്ഞെങ്കിലും പ്രതീക്ഷയിലാണ് മുന്നണികള്‍. യുഡിഎഫിന് വിജയ ഭൂരിപക്ഷം നല്‍കിയ മണ്ണാര്‍ക്കാട് ഇത്തവണയും പ്രതീക്ഷയോടെയാണ് ഇടത് വലത് മുന്നണികള്‍ നോക്കികാണുന്നത്. 29000 വോട്ടെന്ന യുഡിഎഫിന്‍റെ മണ്ണാര്‍ക്കാട്ടെ ലീഡ് ഇത്തവണ 5000 ത്തില്‍ താഴെയാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബു കണക്കുകൂട്ടി പറയുന്നു. ഇതുവരെ ലഭിക്കാത്ത ചില ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ലഭിക്കും. കോങ്ങാട് 15000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷവും സിപിഎം കണക്കുകൂട്ടുന്നുണ്ട്. 80000 ത്തിനും ഒരു ലക്ഷത്തിനുമിടയില്‍





വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എ വിജയരാഘവന്‍ വിജയിക്കുമെന്നും ഇ.എന്‍ സുരേഷ്ബാബു. ജില്ലയിലെ മികച്ച ഭൂരിപക്ഷം നല്‍കുന്ന മണ്ഡലം ഇത്തവണയും മണ്ണാര്‍ക്കാടാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ 2019 ലെ ഭൂരിപക്ഷം ഉറപ്പിക്കാനാവില്ല. രാഹുലിന്‍റെ മത്സരവും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്ന് വോട്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങളില്ലെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും ബിജെപിയുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നയങ്ങളും അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്നുണ്ട്. യുഡിഎഫിന്‍റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയായിട്ടില്ല. കനത്ത ചൂടും വോട്ടിംഗ് നടപടികള്‍ വൈകിയതും വെള്ളിയാഴ്ച്ചയും പോളിംഗ് കുറയാന്‍ കാരണമായിട്ടുണ്ട്. രാത്രി 9 മണി കഴിഞ്ഞും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 9 ബൂത്തുകളില്‍ പോളിംഗ് നടന്നിരുന്നു. 3 മണിയ്ക്ക് ശേഷം വോട്ടര്‍മാര്‍ കൂട്ടമായെത്തിയത് വോട്ടിംഗ് നടപടികള്‍ വൈകിപ്പിച്ചു. ചങ്ങലീരിയിലെ 2 കള്ളവോട്ട് ആരോപണവും ആനമൂളിയിലെ സംഘര്‍ഷവും ചിലയിടങ്ങളില്‍ ഇവിഎം തകരാറിലായതുമൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

Related