വീടും പരിസരവും വൃത്തിയാക്കാൻ കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ ക്വിക്ക് സെർവ് പദ്ധതിയുമായി മണ്ണാർക്കാട് നഗരസഭ

കുടുംബശ്രീയുടെ ദേശീയ നഗര ഉപജീവന ദൗത്യ പ്രകാരം രൂപീകരിച്ച അർബൻ സർവീസ് ടീമാണ് ക്വിക്ക് സെർവ്. ഹൗസ് കീപ്പിങ്, ക്ലീനിംഗ്, കാർ വാഷ്, രോഗീ പരിചരണം തുടങ്ങിയ സേവനങ്ങളെല്ലാം കുടുംബശ്രീ അംഗങ്ങൾ മുഖേന ലഭ്യമാകും. നഗരസഭയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള, പ്രത്യേക പരിശീലനം ലഭിച്ച പതിനൊന്ന് അംഗങ്ങളാണ് ടീമിൽ ഉള്ളത്. മുനിസിപ്പാലിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. കുടുംബശ്രീ





അംഗങ്ങൾക്ക് വരുമാനം നേടാമെന്നതിനൊപ്പം നഗരം മാലിന്യ മുക്തമാകുവാനും ആരോഗ്യ രംഗത്ത് മുന്നേറ്റമുണ്ടാക്കുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു. കൗൺസിലർ മാസിത സത്താർ അധ്യക്ഷയായി. സുരക്ഷയോടും വിശ്വാസ്യതയോടും ക്വിക്ക് സെർവിന്റെ സേവനങ്ങൾ ലഭ്യമാകുവാൻ ആവശ്യക്കാർക്ക് കുടുംബശ്രീ അംഗങ്ങളെ ബന്ധപ്പെടാം. വൈസ് ചെയർപേഴ്സൺ കെ. പ്രസീത, സിഡിഎസ് ചെയർപേഴ്സൺ ഷെഫീന കെ, നഗരസഭ കൗൺസിലർമാർ, സിഡിഎസ് മെമ്പർമാർ, എംയുഎൽഎം ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Related