കുമരംപുത്തൂർ കുരുത്തിച്ചാലിൽ സന്ദർശകരുടെ പ്രവേശന നിയന്ത്രണം, കുടിവെള്ളമോ തണലോ പോലുമില്ലാത്ത അവസ്ഥ പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ

കുമരംപുത്തൂർ കുരുത്തിച്ചാലിൽ സന്ദർശകരുടെ പ്രവേശന നിയന്ത്രണം തുടരുന്നത് സംബന്ധിച്ച് ചർച്ച നടന്നു, വെയിലും ചൂടും കൊണ്ടാണ് പോലീസുകാരും നിൽക്കുന്നതെന്ന് മറക്കരുത്, ഞങ്ങളും മനുഷ്യരാണ്, കുടിവെള്ളമോ തണലോ പോലുമില്ലാത്ത അവസ്ഥ പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. കുരുത്തിച്ചാലിൽ സന്ദർശകരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവിലെ നിർദ്ദേശങ്ങൾ തുടരുന്നതും ആശയകുഴപ്പങ്ങൾ പരിഹരിക്കുന്നതിനുമായാണ് വിവിധ രാഷ്ട്രീയ കക്ഷികൾ, സർക്കാർ വകുപ്പുകൾ, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് ഭരണസമിതി, RRT, പ്രദേശവാസികൾ, എന്നിവരുൾപ്പെടെയുള്ളവരുടെ യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നത്. നിലവിൽ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ താത്കാലികമായി കുരുത്തിച്ചാലിലെ നിയന്ത്രണത്തിൽ നിന്ന് പോലീസിനെ ഒഴിവാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനാകുമോ എന്നായിരുന്നു പോലീസിന്റെ ആവശ്യം. പ്രദേശത്ത് പൊരിവെയിലത്ത് നിൽക്കേണ്ടി വരുന്ന





പോലീസ് ഉദ്യോഗസ്ഥന്റെ ദയനീയാവസ്ഥയെ കുറിച്ച് ട്രാഫിക് SI അൻവർ സാദത്ത് പറഞ്ഞു. സന്ദർശക വിലക്ക് തുടരുന്നതിനൊപ്പം പ്രദേശവാസികൾക്ക് നിയന്ത്രണം ഒഴിവാക്കണമെന്ന് ഭൂരിഭാഗം പ്രതിനിധികളും യോഗത്തിൽ അഭിപ്രായപ്പെട്ടു. *വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശത്തെയാളുകൾക്ക് വെള്ളത്തിനായി കുരുത്തിച്ചാൽ മാത്രമാണ് ആശ്രയമെന്നും അഭിപ്രായം ഉയർന്നു. ഇക്കാര്യം പരിഗണിച്ചതോടെ തദ്ദേശവാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.* ഇതോടെ പോലീസ് നിയന്ത്രണം കുരുത്തിച്ചാലിൽ തുടരുവാനും ഇവർക്കായി ഇരിപ്പിടം, കുടിവെള്ളം, ബാത്റൂം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി നൽകുവാനും തീരുമാനിച്ചു. തദ്ദേശീയരെ കുറിച്ചറിയാവുന്ന പ്രദേശവാസിയേയും ഉദ്യോഗസ്ഥർക്കൊപ്പം ഉൾപ്പെടുത്തും. നിലവിൽ വൈകീട്ട് 5 വരെ പോലീസ് നിയന്ത്രണമുണ്ട്, ഈ സമയത്തിന് ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാനുള്ള സാധ്യത ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി വ്യക്തമാക്കി.

Related