പാലക്കാട് ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു പിന്നാലെ നടത്തിയ ജില്ലാ ടീം സെലക്ഷനെച്ചൊല്ലി വിവാദവും പ്രതിഷേധവും

പാലക്കാട് ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു പിന്നാലെ നടത്തിയ ജില്ലാ ടീം സെലക്ഷനെച്ചൊല്ലി വിവാദവും പ്രതിഷേധവും. മണ്ണാർക്കാട്ടെ കായികതാരങ്ങളെ തഴഞ്ഞെന്നും സ്വജനപക്ഷപാതം കാണിച്ചെന്നുമാണ് ആരോപണം. ശ്രീകൃഷ്ണപുരം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃത്താല ബ്ലോക്കിനെ പരാജയപ്പെടുത്തിയാണ് മണ്ണാർക്കാട് ചാമ്പ്യന്മാരായത്. ഫൈനൽ മത്സരത്തിനുശേഷം തൃശൂരിൽനിന്നുള്ള നിരീക്ഷകരെ വച്ച് നടത്തിയ സെലക്ഷൻ ട്രയലിനെതിരെ മണ്ണാർക്കാട് ഫുട്ബോൾ കമ്മിറ്റിയും കായികപ്രേമികളും രംഗത്തെത്തി. ടൂർണമെന്റിലെ ടോപ് സ്കോറർ ശാമിൽ P, റമിൽ, മുഹമ്മദ് ഹിഷാൻ, മിൻഹാജ് എന്നിവരെ 18 അംഗ ജില്ലാ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല, ചാമ്പ്യന്മാരായ മണ്ണാർക്കാട് ടീമിൽ നിന്ന് 4 പേരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ പരാജയപ്പെട്ട ടീമിൽ നിന്ന് 9





പേരെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തെന്നാണ് ആരോപണം. തൃത്താല ടീമിന്റെ പരിശീലകൻ മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റ് സെലക്ഷൻ കമ്മിറ്റിക്ക് കൈമാറി ടീമംഗങ്ങളെ തിരുകികയറ്റാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും, കായിക വകുപ്പിന്റെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും മുൻ ഇന്ത്യൻ ഹോക്കി താരവുമായ പി.ആർ. ശ്രീജേഷിനും കത്ത് നൽകി. നിലവിലെ സെലക്ഷൻ റദ്ദാക്കി നിഷ്പക്ഷ സെലക്ഷൻ ട്രയൽ നടത്തുക, പരിശീലകനെ മാറ്റി അർഹരായവരെ ഉൾപ്പെടുത്തി പുതിയ ടീമിനെ തിരഞ്ഞെടുക്കുക എന്നിവയാണ് കത്തിലെ ആവശ്യം. അടിയന്തരമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ സംസ്ഥാന മത്സര വേദിയിൽ പരിശീലകരെയും കായികതാരങ്ങളെയും അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

Related