പാർപ്പിടമെന്ന സ്വപ്നത്തിലേക്ക് നടന്നെത്തും മുൻപേ പറ്റിക്കപ്പെട്ടുവെന്ന സങ്കടത്തിലാണ് തെങ്കര പുളിക്കപ്പാടം ഉണ്ണികൃഷ്ണനും മകൻ വിഷ്ണുവും

പാർപ്പിടമെന്ന സ്വപ്നത്തിലേക്ക് നടന്നെത്തും മുൻപേ പറ്റിക്കപ്പെട്ടുവെന്ന സങ്കടത്തിലാണ് തെങ്കര പുളിക്കപ്പാടം ഉണ്ണികൃഷ്ണനും മകൻ വിഷ്ണുവും. പഞ്ചായത്തിൽ നിന്ന് ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച തുക കരാറുകാരനും പഞ്ചായത്ത്‌ മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഉനൈസ് നെച്ചിയോടൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തങ്ങളെ കബളിപ്പിച്ചെന്നാണ് ഇവരുടെ പരാതി, തെങ്കര കരുവാരുകുണ്ടിൽ പൊതുസ്ഥലത്ത് ഷെഡിൽ താമസിച്ചിരുന്ന കുടുംബം, 2022 ലാണ് അമ്മയുടെ ഭാഗം കിട്ടിയതോടെ രാജാസ് സ്കൂളിന് എതിർവശത്ത് വീടെടുത്തു താമസമാക്കിയത്. ഓടിട്ട വീടിന്റെ ശോച്യാവസ്ഥയിൽ ലൈഫ് മിഷനിൽ പുതിയ വീടിനായി അപേക്ഷ നൽകാമെന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനിയോട് പറയുന്നതും ഉനൈസാണ്. അതിദരിദ്രരുടെ ലിസ്റ്റിലാണ് ലൈഫ് മിഷൻ പദ്ധതി ആനുകൂല്യം കുടുംബത്തിന് ലഭിച്ചത്. ഉനൈസിന്റെ വീട്ടിൽ പണിക്കു നിന്നിരുന്ന സരോജിനി വിശ്വാസംകൊണ്ട് മാത്രം അക്കൗണ്ടും മറ്റ് വിവരങ്ങളും അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് മകൻ





പറയുന്നത്. 2023 ൽ മകൻ വിദേശത്തേക്ക് പോയി, ആ സമയത്താണ് പദ്ധതിയുടെ ആദ്യഘഡു 40,000 രൂപ ലഭിക്കുന്നത്. 2024 മെയ്‌ 1 ന് സരോജിനി മരിച്ചു, പിന്നീട് മകൻ, ഉനൈസുമായി ബന്ധപ്പെട്ടപ്പോഴെല്ലാം മടങ്ങിവന്ന ശേഷമേ തുടർന്നുള്ള കാര്യങ്ങൾ നടക്കുവെന്നായിരുന്നു മറുപടി. നാട്ടിലെത്തിയ ശേഷം ബാങ്കിൽ ചെന്നപ്പോഴാണ് പദ്ധതി വിഹിതം മൂന്ന് ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുള്ളതായും 2 ലക്ഷം ഉനൈസിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും മനസ്സിലാക്കിയത്. ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിന്ന് ഇക്കാര്യം വ്യക്തവുമാണ്. പഞ്ചായത്തിലെ നിലവിലെ നിർവഹണ ഉദ്യോഗസ്ഥൻ വീട്ടിലെത്തി പരിശോധിച്ചതിൽ വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുകയും മൂന്ന് ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തിയായ ശേഷമേ ബാക്കി തുക അനുവദിക്കുവെന്ന് അറിയിക്കുകയും ചെയ്തു. പണം ലഭിച്ചിട്ടും പണി എങ്ങുമെത്താത്ത വീട്ടിൽ ഇടുങ്ങിയ മുറിയിലാണ് ഉണ്ണികൃഷ്ണന്റെ ഇപ്പോഴത്തെ ജീവിതം. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് മകൻ വിഷ്ണു.

Related