കല്ലടിക്കോട് മേഖലയിൽ തെരുവ് നായ ശല്യം വർദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള കാൽനട യാത്രക്കാർ ഭീതിയിലായിരിക്കുന്നു.
ദേശീയ പാതയിലും കനാൽ റോഡുകളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. ഇരുചക്ര വാഹനത്തിൽ വരുന്നവരും ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവരും പലപ്പോഴും അപകടത്തിൽപെടുന്നതും പതിവാണ്. കുരച്ചുകൊണ്ടു കടിക്കാൻ വരുന്ന നായക്കളെ കണ്ട് പേടിച്ച് ഇരുചക്രവാഹനക്കാർ വേഗത കൂട്ടുന്നതോടെ അപകടത്തിൽ പ്പെടുന്നതും നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്.
ചുങ്കം, കാഞ്ഞിക്കുലം, വാക്കോട്, കീരിപ്പാറ, വാലിക്കോട്, കാഞ്ഞിരാനി, മണ്ണാത്തിപ്പാറ, തുപ്പനാട്, മാപ്പിളസ്ക്കൂൾ കവല, ദീപാ കവല, തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം തെരുവ് നായകൾ വ്യപകമാണ്. വെളുപ്പിനെ റബ്ബർ തോട്ടത്തിലേയ്ക്കും, പാടത്തേയ്ക്കും സൊസൈറ്റികളിൽ പാല്കൊടുക്കാൻ പോകുന്നവരും തെരുവ് നായകളുടെ ആക്രമണത്തിനിരയാകുന്നുണ്ട്. കഴിഞ്ഞ ദിവസം മാപ്പിളസ്ക്കൂളിനു സപീപം മദ്രസയിൽ പോകുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. കരിമ്പ പഞ്ചായത്തിനു കീഴിൽ വരുന്ന ഈ പ്രദേശങ്ങളിലെ തെരുവ് നായകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.