മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാതെ ഒരു വിഭാഗം, അസംതൃപ്തരുടെ യോഗം നടന്നു, അനുനയിപ്പിക്കാന്‍ പാണക്കാട്ടേക്ക് വിളിച്ചു, ലീഗില്‍ ഭിന്നത രൂക്ഷം
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ മണ്ണാർക്കാട് മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം. പ്രാദേശിക അഭിപ്രായം പരിഗണിക്കാത്തതിലാണ് മണ്ണാർക്കാട് മുസ്ലിം ലീഗിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലായത്. 15 വർഷമായി മണ്ണാർക്കാട്, മണ്ഡലത്തിന് പുറത്ത് നിന്നാണ് സ്ഥാനാർത്ഥി. ഇത്തവണ മണ്ഡലത്തിലുളളവരെ പരിഗണിക്കണമെന്ന് മണ്ണാർക്കാട്ടെ മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ പല തവണ അറിയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ എൻ ഷംസുദ്ദീനെ നാലാമതും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല നേതാക്കളുടെ അഭിപ്രായത്തെ കാര്യമായി പരിഗണിക്കാനോ കാര്യക്ഷമമായ ചർച്ച നടത്താനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇതിൽ അതൃപ്തിയുളള നേതാക്കൾ ഇന്ന് നടന്ന UDF സ്ഥാനാർത്ഥി എൻ. ഷംസുദ്ദീൻ്റെ റോഡ് ഷോയിൽ നിന്നും വിട്ടുനിന്നു. അസംത്യപ്തരുടെ ഒരു യോഗവും നടന്നു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളായ കളത്തിൽ അബ്ദുള്ള, കെ. ആലിപ്പു, സി.
മുഹമ്മദ് ബഷീർ, നാസർ കൊമ്പത്ത്, ടി.സിദ്ധീഖ് തുടങ്ങിയ 25 ഓളം നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം. ഇവരെ അനുനയിപ്പിക്കുന്നതിനായി നാളെ പാണക്കാട്ടേക്ക് വിളിച്ചിട്ടുണ്ട്. ഒരു വിഭാഗം യൂത്ത്ലീഗ് പ്രവർത്തകരും ഇന്നത്തെ റോഡ് ഷോയിൽ പങ്കെടുത്തില്ല. വർഷങ്ങളായി പ്രാദേശികവാദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലേക്ക് ലഭിക്കുമെന്ന് നേതാക്കൾക്ക് കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെടാതെ പോയതോടെ നേതാക്കൾക്കിടയിലെ അമർഷം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണകളിൽ തെരഞ്ഞെടുപ്പ് നയിച്ചിരുന്ന നേതാക്കളുടെ അസാന്നിധ്യം തുടരുകയാണെങ്കിൽ അത് യുഡിഎഫിൻ്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. ലീഗ് കോട്ടയായ അലനല്ലൂർ എടത്തനാട്ടുര ഭാഗങ്ങളിലെ വോട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് അലനല്ലൂർ സ്വദേശിയായ മൻസിൽ അബൂബക്കറിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിനിടെ ലീഗിലെ ഭിന്നതകൂടി ശക്തമായാൽ തിരഞ്ഞെടുപ്പിൽ അത് UDF നെ പ്രതികൂലമായി ബാധിക്കും.







