കുടിവെള്ളമില്ലാതെ 17 ദിവസം, തച്ചമ്പാറയിലെ 70 ഓളം കുടുംബങ്ങൾ മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

കുടിവെള്ളം ലഭിക്കാതെ തച്ചമ്പാറ പഞ്ചായത്തിലെ 70 ഓളം കുടുംബങ്ങൾ, 17 ദിവസമായി വെള്ളമില്ലെന്ന് നാട്ടുകാർ, പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു, മോട്ടോർ കപ്പാസിറ്റി വർദ്ധിപ്പിക്കാതെ ശാശ്വത പരിഹാരം കാണാനാകില്ലെന്ന് ഉദ്യോഗസ്ഥർ. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കമ്പിക്കുന്ന്, മുള്ളത്തുപാറ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മണ്ണാർക്കാട് ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചത്. ഈ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും 17 ദിവസത്തോളമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. അധികൃതരോട് എത്രയും വേഗം ഇടപെടൽ വേണമെന്ന് അഭ്യർത്ഥിച്ചു, വെള്ളം എത്തിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഇന്നും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം അറിയിക്കുവാനായി ഓഫീസിൽ എത്തിയതെന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി പറഞ്ഞു. നിലവിൽ അധികൃതർ സ്ഥലം സന്ദർശിച്ച് വിഷയം





ജനങ്ങളെ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടതാണ്, എന്നാൽ നിരാകരിക്കുന്ന സാഹചര്യമാണുണ്ടായതെന്നും വെള്ളമെത്താത്ത പക്ഷം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭത്തിലേക്കും ഒപ്പം നിയമ നടപടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനുമാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗത്തിന് പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കേണ്ടി വരുന്നതെന്നും നാട്ടുകാർ പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയുടെ കണക്ഷനുകൾ മുൻപത്തേക്കാൾ മൂന്നിരട്ടി വർദ്ധിച്ചിട്ടുണ്ട്, മോട്ടോർ കപ്പാസിറ്റി വർദ്ധിപ്പിക്കാതെ മറ്റൊരു പരിഹാരം ഉണ്ടാകില്ല, താൽക്കാലിക പരിഹാരമെന്ന നിലയിൽ കാരാകുറുശ്ശി പഞ്ചായത്തിലേക്കുള്ള ഇന്നത്തെ വിതരണം നിർത്തി തച്ചമ്പാറയിലേക്ക് വെള്ളം എത്തിക്കുവാനാണ് തീരുമാനമെന്ന് എ. ഇ ശാലി, ഓവർസിയർ ബിന്ദു എന്നിവർ വ്യക്തമാക്കി. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.

Related