3000 പേരുണ്ടാകും, മകളുടെ വിവാഹസദ്യ വിഷരഹിതമാകണമെന്ന് നിര്‍ബന്ധം : പൂക്കോട്ടുകാവിലെ മോഹനന് ഓസോണ്‍വാഷ് ചെയ്ത പച്ചക്കറിയെത്തിച്ചുനല്‍കി റൂറല്‍ബാങ്ക്

മകളുടെ വിവാഹത്തിന് സദ്യയൊരുക്കുന്നത് വിഷരഹിത പച്ചക്കറികൾ കൊണ്ടാകണമെന്ന് പൂക്കോട്ടുകാവിലെ മോഹനന് ഒരാഗ്രഹം, വിവാഹത്തിനെത്തുന്ന മൂവായിരത്തിലധികം പേർക്കുള്ള ഭക്ഷണത്തിന് ശാസ്ത്രീയമായി ശുദ്ധീകരിച്ച പച്ചക്കറികളെത്തിച്ച് നൽകി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്. പൂക്കോട്ടുക്കാവിലെ മോഹനന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ തന്നെ അദ്ദേഹം തീരുമാനിച്ചതാണ് വിവാഹദിനത്തിൽ അതിഥികൾക്കായി ഒരുക്കുന്ന സദ്യ കഴിക്കുന്നവരുടെ ഉള്ളും നിറക്കണമെന്നത്. വിളമ്പി നൽകുന്നത് ആരോഗ്യത്തിന് ഹാനി വരുത്താത്ത ഭക്ഷണമായിരിക്കണം. അതിനായുള്ള അന്വേഷണം ഒടുവിൽ മണ്ണാർക്കാട് റൂറൽ ബാങ്കിലെത്തി. ബാങ്കിന്റെ ഫ്രൂട്ട്സ്, വെജിറ്റബിൾ ഓസോൺ വാഷിങ് പ്ലാന്റ് ഉപയോഗപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ പൂർണമായും ശുദ്ധീകരിച്ചു കൊണ്ടുള്ള പച്ചക്കറികൾ സദ്യക്കായി എത്തിക്കാമെന്ന് തീരുമാനിക്കുമ്പോൾ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന് ഇരട്ടി സന്തോഷം. അങ്ങനെയാണ് വ്യാഴാഴ്ച നടക്കുന്ന വിവാഹത്തിൽ 30 ഓളം വിഭവങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളും ബാങ്കിൽ നിന്ന് പൂക്കോട്ടുക്കാവിലെ കല്യാണ മണ്ഡപത്തിന്റെ





കലവറയിലേക്കെത്തുന്നത്. തക്കാളി, വെള്ളരി, ക്യാരറ്റ്, മത്തൻ, പയർ, വെണ്ട, പൈനാപ്പിൾ, പപ്പായ, പേരക്ക, നേന്ത്രപ്പഴം എന്നിവയെല്ലാം അതിലുണ്ട്. ഇളനീർ പാലട, പച്ചടി തുടങ്ങി പ്രത്യേക വിഭവങ്ങൾക്ക് പുറമെ മുന്തിരി ജ്യൂസ് വരെ ആരോഗ്യം സുരക്ഷിതമെന്ന ഉറച്ച വിശ്വാസത്തിൽ രുചിക്കാം. സംസ്ഥാനത്തുടനീളം ഇത്തരം സംവിധാനങ്ങൾ വരികയാണെങ്കിൽ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ ഉത്കണ്ഠക്ക് പരിഹാരമാകുമെന്ന് എം.പുരുഷോത്തമൻ പറഞ്ഞു. മാമ്പഴക്കാളൻ തയ്യാറാക്കുവാനുള്ള 2000 ത്തോളം മാമ്പഴങ്ങൾ പഴുപ്പിച്ചെടുത്തത് റൈപ്പനിംഗ് ചേംമ്പർ സംവിധാനം വഴിയെന്നത് മറ്റൊരു പ്രത്യേകത. കടമ്പഴിപ്പുറം കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സദ്യവട്ടങ്ങളൊരുങ്ങുമ്പോൾ ചൂടുവെള്ളവും വിനാഗിരിയുമൊക്കെ ഉപയോഗപ്പെടുത്തി ഇതുവരെ പച്ചക്കറികൾ ശുദ്ധീകരിച്ചതിൽ നിന്ന് ഓസോൺ വാഷ് സംവിധാനമുപയോഗപ്പെടുത്തി പൂർണമായും വിഷരഹിതമായ പച്ചക്കറികൾ മുന്നിലെത്തിയ തൃപ്തി അദ്ദേഹത്തിനും. ഓസോൺ വാഷിംഗ് പ്ലാന്റിൽ ശുദ്ധീകരിച്ച പച്ചക്കറികളും പഴങ്ങളും കൂടുതൽ കലവറകളിലേക്കെത്തുന്നതിലൂടെ ആരോഗ്യ കാര്യത്തിലാശങ്ക വേണ്ടെന്ന ഉറപ്പാണ് റൂറൽ ബാങ്ക് നൽകുന്നത്.

Related