കോൽപ്പാടം മീൻകുളത്തി ക്ഷേത്രത്തിലെ ക്ഷേത്രോത്സവം മാർച്ച് 29 മുതൽ

കോൽപ്പാടം മീൻകുളത്തി ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും മാർച്ച് 29 വെള്ളിയാഴ്ച ആരംഭിക്കും, വിവിധ പരിപാടികളോടെ 31 ന് സമാപിക്കും. 29 ന് രാവിലെ 7 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഉത്സവ കൊടിയേറ്റോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തുടക്കമാകുക. ഗുരുകുലം പൂജാമഠം ബ്രഹ്മശ്രീ രാമചന്ദ്രസ്വാമികളുടെ കാർമികത്വത്തിൽ സമൂഹ പൊങ്കാല സമർപ്പണം നടക്കും. വൈകീട്ട് ദീപാരാധന, സമൂഹാരാധന എന്നീ ചടങ്ങുകൾക്ക് ശേഷം അദ്ധ്യാത്മിക പ്രഭാഷണവും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മാർച്ച് 30 ശനിയാഴ്ച ലക്ഷ്മിമഠം ലക്ഷ്മണ ശർമയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് ഭക്തർക്കായി





അന്നദാനവും വൈകീട്ട് സർവ്വൈശ്വര്യ പൂജയായ നാരങ്ങാവിളക്ക് സമൂഹയജ്ഞവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് 7.30ന് തുടിതാളം സംഘത്തിന്റെ നാടൻപാട്ട് അരങ്ങേറും. 31 ഞായറാഴ്ചയാണ് ക്ഷേത്രോത്സവം നടക്കുന്നത്. കളംപാട്ട്, പറയെടുപ്പ്, ആറാട്ട് പുറപ്പാട് എന്നിവയ്ക്ക് ശേഷം ക്ഷേത്രത്തിൽ തായമ്പക നടക്കും. വൈകിട്ട് 6 മണിക്ക് ആറാട്ട് വരവേൽപ്പും തുടർന്ന് മുല്ലക്കൽപാട്ട് എഴുന്നള്ളിച്ച് ക്ഷേത്രപ്രദിക്ഷണവുമുണ്ടാകും. രാത്രി 10 മണിക്ക് പാട്ട്കൂറവലിക്കലോടെ ക്ഷേതോത്സവത്തിന് സമാപനമാകും. ക്ഷേത്രം മാനേജ്മെന്റ് ട്രസ്റ്റി ദീപേഷ് കൃഷ്ണൻ, മാനേജർ സുന്ദരൻ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ രാജാനന്ദൻ, അറുമുഖൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related