നഗരസഭ കൗണ്‍സിലില്‍ ആളിക്കത്തി കമ്മീഷന്‍ ആരോപണം, ബഹളവും, പ്രത്യാരോപണങ്ങളും, വിജിലന്‍സ് അന്വേഷണത്തെ ചൊല്ലിയാണ് തര്‍ക്കം

സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ കെ.മന്‍സൂറിനെതിരെ മുന്‍ എസ്എഫ്ഐ നേതാവ് നടത്തിയ ആരോപണം നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ചയായി. കരാര്‍ പ്രവര്‍ത്തികള്‍ക്കായി മന്‍സൂര്‍ പണം ആവശ്യപ്പെടാറുണ്ടെന്നായിരുന്നു കെ ഷാനിഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതേറ്റെടുത്ത മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി മന്‍സൂര്‍ പ്രതിനിധീകരിച്ച വാര്‍ഡുകളിലെ പ്രവര്‍ത്തികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും പ്രവര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലര്‍മാര്‍ ചെയര്‍മാനും സെക്രട്ടറിക്കും കത്ത് നല്‍കി. കൗണ്‍സിലിലെ അജണ്ട പൂര്‍ത്തിയായതോടെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടിആര്‍ സെബാസ്റ്റ്യന്‍ ഈ കത്ത്





പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഈ കത്ത് തള്ളി. ആദ്യം മന്‍സൂറിനെതിരെയുള്ള അന്വേഷണം നടക്കട്ടെയെന്നായിരുന്നു മറുപടി. ഇത് കൗണ്‍സിലിന് അപമാനമാണെന്നും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്‍സൂര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്‍ ആവശ്യപ്പെട്ടു. ആരോപണം നടത്തിയയാള്‍ കാരാറുകാരനാണോ എന്ന ചോദ്യം കെ.മന്‍സൂര്‍ ആവര്‍ത്തിച്ചു. മുഴുവന്‍ വാര്‍ഡുകളിലെ അന്വേഷണവും. ചെയര്‍മാന്‍റെ വാര്‍ഡിലും അന്വേഷണം നടത്തണം. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ചെയര്‍മാന് സംരക്ഷണവുമായി എഴുന്നേറ്റു. അരുണ്‍കുമാര്‍ കൗണ്‍സില്‍ ഹാളിന്‍റെ നടവുലെത്തി ചെയര്‍മാനുവേണ്ടി വാദിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.

Related