തൊഴിലുറപ്പിനും കാഞ്ഞിരപ്പുഴയ്ക്കും പച്ചയായ അഭിമാനം, കുമ്പളഞ്ചോല പച്ചത്തുരുത്ത് സംസ്ഥാനത്ത് രണ്ടാമത്, മുഖ്യമന്ത്രിയുടെ പുരസ്കാരം നേടി

2021 ൽ കോവിഡ് പ്രതിസന്ധിയിൽ തൊഴിലും വരുമാനവുമില്ലാതായ സാഹചര്യത്തെ പ്രതിരോധിക്കാൻ കാഞ്ഞിരപ്പുഴ പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ പ്രതീഷും നാട്ടിലെ തൊഴിലാളികളും മണ്ണിലേക്കിറങ്ങിയതിന്റെ ഫലമാണ് കുമ്പളംചോലയിൽ അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന പച്ചതുരുത്ത്. ജില്ലയിലെ മികച്ച പച്ചതുരുത്തിനുള്ള പുരസ്കാരമാണ് സംസ്ഥാനത്തെ രണ്ടാമത് പച്ചതുരുത്തെന്ന അംഗീകാരത്തിലേക്കുള്ള ചവിട്ടുപടിയായത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പരിപാടിയിൽ മന്ത്രി എം. ബി രാജേഷിൽ നിന്ന് പുരസ്‌കാരം ലഭിക്കുമ്പോൾ കുമ്പളംചോലക്കും പഞ്ചായത്തിനും പച്ചയായ അഭിമാനം. തൊഴിലുറപ്പ് സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തരിശായി കിടന്ന ക്വാറി പ്രദേശത്തെ ഇന്നത്തെ പച്ചത്തുരുത്തായി മാറ്റിയെടുക്കാൻ പഞ്ചായത്തും ഹരിതകേരള മിഷനും ഒപ്പം ചേർന്നു. പച്ചതുരുത്ത്





പരിപാലിച്ചു പോരുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ വരുമാന പ്രവർത്തനങ്ങളായ പൂ കൃഷി, പച്ചക്കറി കൃഷി എന്നിവ നടത്തുന്നു. വിശ്രമ വേളകളിൽ തൊഴിലാളികളിൽ വയനാശീലം വളർത്താൻ നടപ്പിലാക്കിയ ജനകീയ പദ്ധതിയായ പുസ്തകപ്പെട്ടിയുമുണ്ട്. ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുവാൻ തൊഴിലാളികൾ കാണിക്കുന്ന താല്പര്യം ഉള്ളിലേക്ക് അറിവിന്റെ പച്ചപ്പ് കൂടി വീശുവാനുതകുന്നതാണ്. ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നതിനൊപ്പം തൊഴിലാളികൾക്ക് ഇരുപതിനായിരത്തിലധികം തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കുവാനും സാധിച്ചു. തുടക്കം കുറിച്ച് ഒരുവർഷത്തിനകം തന്നെ കുമ്പളംചോല പച്ചതുരുത്തിനെ തേടി നാട്ടുസൂത്രം പുരസ്കാരവുമെത്തിയിരുന്നു. പക്ഷികൾക്കും ജീവജാലങ്ങൾക്കും കൂടൊരുക്കാനുള്ള തണൽ നൽകിക്കൊണ്ട് കുമ്പളംചോല പച്ചതുരുത്ത് കൂടുതൽ പദ്ധതികളുമായി മുന്നോട്ടുള്ള യാത്രയിലാണ്.

Related