ആര് എന്ത് പറഞ്ഞാലും വയ്യാന്നും ഇല്ലാന്നും പറയില്ല, ഈ മാഷൊരു സംഭവമാ.. കാഞ്ഞിരപ്പുഴ 16 ാം വാര്‍ഡ് മെമ്പര്‍ പ്രദീപിന് സമ്മാനവുമായെത്തി തൊഴിലാളികള്‍, നന്ദി പറഞ്ഞ് ബിരിയാണി വിളമ്പി മെമ്പറും
5 വർഷം കൂടെ നിന്നതിന് കൈ നിറയെ സമ്മാനങ്ങൾ നൽകി വാർഡ് നിവാസികൾ, സ്നേഹവായ്പ്പുകൾക്ക് നന്ദി പറഞ്ഞ്, ബിരിയാണി സ്വാദിൽ ഉള്ളം നിറച്ച് വാർഡ് മെമ്പർ കെ. പ്രദീപ്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് 16-ാം വാർഡ് തൃക്കള്ളൂരിലെ തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ സേനാംഗങ്ങളും ആശ വർക്കർമാരും ഉൾപ്പെടെയുള്ളവർ ഗിഫ്റ്റ് പേപ്പറുകളിൽ പൊതിഞ്ഞ സമ്മാനങ്ങളും മോമെന്റൊകളുമൊക്കെയായി വൈകുന്നേരത്തോടെ ജിഎൽപി സ്കൂളിലേക്ക് കയറിവന്നു. വാർഡിന്റെ മുഖചായ മാറ്റി തന്നു, വിളിച്ചപ്പോഴൊക്കെ ഓടി വന്നു, ഇല്ലെന്നും വയ്യെന്നും പറയാതെ കൂടെ നിന്നു... അങ്ങനെ മാഷേ എന്ന വിളിയിലും വാക്കുകളിലും നിറഞ്ഞു നിന്നു വാർഡിലെ മനുഷ്യരുടെ സ്നേഹം. മാഷെത്ര ശ്രമിച്ചിട്ടും വായനശാല സാധ്യമായില്ലല്ലോ എന്ന സങ്കടവും ഇനിയും സാധ്യമാക്കാനാകുമെന്ന
പ്രതീക്ഷയും. 35 പേരുണ്ടായിരുന്ന വാർഡിൽ നിന്ന് 100 തൊഴിലാളികളിലേക്കുള്ള വർദ്ധനവ്, വാർഡിലെ പരിപാടിക്ക് ആദ്യമായി ഇത്രയധികം പേർ ഒത്തുചേർന്നു എന്ന അതിശയവും പങ്കുവച്ച് തൊഴിലുറപ്പ് AE, വാക്കുകളിൽ നിറഞ്ഞ സ്നേഹത്തിനൊടുവിൽ മോമെന്റൊകളും സമ്മാനപൊതികളും അവർ പ്രദീപിന് കൈമാറി ആദരിച്ചു. എന്തിനും കൂടെ നിന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ആദരിക്കാൻ വിട്ടുപോയില്ല. ശേഷം അക്കിത്തത്തിന്റെ വരികൾ കടംകൊണ്ട് കെ. പ്രദീപിന്റെ മറുപടി. അധികാര രാഷ്ട്രീയത്തോട് എനിക്ക് അന്നും ഇന്നും താല്പര്യമില്ല, മനുഷ്യന്റെ കൂടെ മനുഷ്യനായി നിൽക്കുക എന്നതാണ് ചിന്ത, അവസാനം, തന്ന സ്നേഹത്തിനും പിന്തുണക്കും ഹൃദയത്തിന്റെ ആഴത്തിൽ തൊട്ടുള്ള നന്ദി പറഞ്ഞ് പ്രദീപ് തന്റെ പ്രിയപ്പെട്ട വാർഡ് നിവാസികൾക്ക് സ്നേഹത്തിന്റെ ബിരിയാണി വിളമ്പി.







