55-ാം മൈൽ തെയ്യോട്ടുച്ചിറ റോഡിന്റെ നിർമാണം മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് DYFI, തെയ്യോട്ടുച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു
നവീകരിക്കാൻ റോഡ് പൊളിച്ചിട്ട് രണ്ട് മാസം, മുൻപത്തെ റോഡായിരുന്നു ഭേദം, നിരന്തരം റോഡിൽ വീണ് പരിക്കേൽക്കുന്ന അവസ്ഥയാണ്, 55-ാം മൈൽ തെയ്യോട്ടുച്ചിറ റോഡിന്റെ നിർമാണം മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് DYFI, തെയ്യോട്ടുച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തെയ്യോട്ടുച്ചിറ കാഞ്ഞിരത്തടം റോഡ് ജംഗ്ഷൻ മുതൽ എംഎംഎൽപി സ്കൂൾ വരെയുള്ള 300 മീറ്റർ റോഡ് അപകട കെണിയായി മാറുകയാണെന്നാണ് പരാതി. താഴേക്കോട് പഞ്ചായത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും ആസ്തിയിലുള്ള റോഡാണിത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് നജീബ് കാന്തപുരം എംഎൽഎ റോഡിന്റെ പ്രവർത്തനോദ്ഘാടനം നടത്തിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്ക് പിന്നാലെ നിർമാണത്തിനായി 300 മീറ്റർ റോഡ് പൊളിച്ചിട്ടിട്ട് ഇപ്പോൾ രണ്ട് മാസത്തിനു മുകളിലായി. MMLP സ്കൂൾ, KMIC ഹൈസ്‌കൂൾ, തെയ്യോട്ടുച്ചിറ മഖാം തുടങ്ങി സ്ഥപനങ്ങൾ
സമീപത്തുള്ളതിനാൽ തന്നെ നിരവധി പേർ ഉപയോഗിക്കുന്ന റോഡാണ്. പ്രയാസം അറിയിക്കുമ്പോൾ കരാറുകാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി കയ്യൊഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇല്ല്യാസ് പറഞ്ഞു. KMIC സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്, എന്നാൽ വൈകുന്നേരമായാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിടുന്നതിനാൽ സ്കൂൾ അധികൃതർ ഗേറ്റ് അടക്കുന്നതോടെ ഈ മാർഗവും തടസ്സപ്പെടും. ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനാൽ തന്നെ വാഹനങ്ങളുടെ ഈ വഴിയുള്ള പോക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഉടൻ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ ഉപരോധിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. DYFI വടശ്ശേരിപ്പുറം യൂണിറ്റ് പ്രസിഡന്റ് ജാഫർ, നിസാർ, നജീബ് കടവൻ, യൂസഫ്, നബീൽ, സുഹൈൽ, ആഷിക്, അഷ്‌കർ, മുസ്തഫ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.







