തത്തേങ്ങലത്ത് അഞ്ചംഗ കുടുംബം വർഷങ്ങളായി താമസിക്കുന്നത് ഷീറ്റും ഓലയും കൊണ്ടു മേഞ്ഞ കൂരയിൽ
തത്തേങ്ങലത്ത് അഞ്ചംഗ കുടുംബം വർഷങ്ങളായി താമസിക്കുന്നത് ഷീറ്റും ഓലയും കൊണ്ടു മേഞ്ഞ കൂരയിൽ, ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് ഭീതിയിൽ കഴിയുന്ന കുടുംബത്തെ സന്ദർശിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പ്രവർത്തകർ, അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും, വീട് ലഭിക്കുന്നതുവരെ വാടക വീട്ടിൽ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കി നൽകുമെന്ന് പ്രവർത്തകർ. തെങ്കര പഞ്ചായത്ത് തത്തേങ്ങലത്ത് ശാന്തയും മകൾ രാധയും അവരുടെ മൂന്ന് മക്കളുമാണ് വർഷങ്ങളായി ഫോറസ്റ്റ് സ്റ്റേഷന് മുൻവശത്തുള്ള കൂരയിൽ കഴിയുന്നത്. വീടിന് മുന്നിൽ ആനയിറങ്ങാറുണ്ട്, നായയെ പുലി പിടിച്ചുകൊണ്ടുപോയി. ഭീതികാരണം വനംവകുപ്പിന്റെ മേൽക്കൂരയില്ലാത്ത
പഴയ കോർട്ടേഴ്സിലാണ് കിടക്കുന്നത്. കഴിഞ്ഞവർഷം പട്ടയ വിതരണത്തിൽ ഭൂമി ലഭിച്ചെങ്കിലും അതെവിടെയാണെന്ന് കുടുംബത്തിനറിയില്ല. പട്ടികവർഗ ഡിപ്പാർട്മെന്റ് നോക്കുക്കുത്തിയാകുന്ന സ്ഥിതിയാണുള്ളതെന്നും ഉദ്യോഗസ്ഥർ വന്ന് പോകുകയല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭാരതീയ ദളിത് കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് രാജൻ ആമ്പാടത്ത് പറഞ്ഞു. ഉദ്യോഗസ്ഥർ നിഷ്ക്രിയരാകുന്നു, തെങ്കര പഞ്ചായത്തിന്റെ ഇരട്ടതാപ്പാണ് കാണാൻ സാധിക്കുന്നതെന്നും നടപടിയില്ലെങ്കിൽ ഭരണസിരാ കേന്ദ്രങ്ങളിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്നും പ്രവർത്തകർ പറഞ്ഞു. വേലു അലനല്ലൂർ, ഹാരിസ് തത്തേങ്ങലം, ഗംഗ, കെ. ഉണ്ണികൃഷ്ണൻ, വി. കെ മുഹമ്മദലി, ശിവദാസൻ തുടങ്ങിയവർ സംബന്ധിച്ചു.







