നടപ്പാത വേണം, ഡ്രൈനേജും ഒരുക്കണം, റോഡ് മുറിക്കാൻ ഡിവൈഡറിനിടയിൽ വഴി ഇടണം, പരാതികളൊഴിയാതെ പനയംപാടം റോഡ്, നാട്ടുകാർ പ്രതിഷേധിച്ചു

പരാതികൾ അവസാനിക്കാതെ കല്ലടിക്കോട് പനയംപാടം റോഡ്, നടപ്പാത ഒരുക്കി കൈവരി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു, ജില്ലാ കലക്ടറുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അധികൃതർ. ദേശീയപാത പനയംപാടത്ത് നടപാത ഒരുക്കാത്തതിൽ അങ്ങാടിക്കാട് പ്രദേശ നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്. പനയംപാടം - മണ്ണാർക്കാട് റോഡിൽ വലതുവശത്ത് നടപ്പാതയില്ല, അഴുക്കുച്ചാൽ സൗകര്യവും ഒരുക്കിയിട്ടില്ല. മഴ പെയ്താൽ റോഡിലൂടെയാണ് വെള്ളമൊലിച്ചു പോകുക. മാത്രമല്ല, റോഡിൽ ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളതിനാൽ എതിർവശത്തുള്ള ഹൈസ്കൂളിന് സമീപമെത്താൻ ഏറെ ചുറ്റി സഞ്ചരിക്കേണ്ടുന്ന സ്ഥിതിയാണ്. അഴുക്കുചാൽ നിർമ്മിച്ച് അതിനുമുകളിലൂടെ നടപ്പാത





ഒരുക്കി കൈവരി സ്ഥാപിക്കണമെന്നും ഡിവൈഡറിനിടയിൽ മറുവശത്തേക്ക് കടക്കുവാൻ വഴിയൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഒപ്പ് ശേഖരണം നടത്തി വിവിധ വകുപ്പുകൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ദേശീയ ഗതാഗത വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുനിലുമായി നാട്ടുകാർ ചർച്ച നടത്തി. ജില്ലാ കലക്ടറുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാത വകുപ്പ് അനുവദിച്ച ഒരു കോടി 35ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനമാണ് പനയംപാടത്ത് നടക്കുന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂൾ, ആരാധനാലയങ്ങൾ, പഞ്ചായത്ത് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പനയംപാടം.

Related