മകളുടെ കളഞ്ഞുപോയ അരപ്പവൻ സ്വർണം തിരിച്ച് നൽകിയ 5 കുട്ടികൾക്ക് വാച്ചുകൾ സമ്മാനിച്ച് പിതാവിന്റെ സ്നേഹം

ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ വീണ് കിട്ടിയ അരപവൻ സ്വർണ്ണാഭരണം ദിവസങ്ങളോളമുള്ള അന്വഷണത്തിനൊടുവിൽ ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ, സത്യസന്ധതക്ക്‌ കുട്ടികൾക്ക് വാച്ചുകൾ സമ്മാനിച്ച് ആഭരണയുടമ, തച്ചനാട്ടുകര ചെത്തല്ലൂരിലാണ് മാതൃകാപരമായ പ്രവർത്തനം. തച്ചനാട്ടുകര ചെത്തല്ലൂർ തെക്കുമുറി കരിങ്കറയിൽ ഫുട്ബോൾ കളി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് മിഥുനും കൂട്ടുകാരായ നിവേദ്, സംഗീത്, സുജീത്ത്, ശ്രീരാഗ് എന്നിവർക്ക് വളംഡിപ്പോ റോഡിൽ ചോലയിൽപടിയിൽ നിന്നും ബ്രേസ്‌ലെറ്റ് വീണു കിട്ടിയത്. സ്വർണ്ണം തന്നെയാണോ എന്നായിരുന്നു സംശയം. ഉടനെ സമീപവാസിയായ ചോലയിൽ ഉണ്ണിക്കുട്ടനെ ആഭരണം ഏൽപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആഭരണം അന്വേഷിച്ച് ആരും വരാത്തതിനെ





തുടർന്ന് സ്വർണം മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ജയചന്ദ്രൻ ചെത്തല്ലൂരിന് കൈമാറി. ജ്വല്ലറിയിലും ബാങ്കിലും കൊണ്ടുപോയി സ്വർണം തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷം സോഷ്യൽ മീഡിയ വഴി ആഭരണം കളഞ്ഞു കിട്ടിയ വിവരം അറിയിച്ചു. ഒടുവിൽ ആഴ്ചകൾക്ക് ശേഷം ആഭരണ ഉടമയെ കണ്ടെത്തി. പ്രദേശവാസിയായ അമ്പലത്ത് ഗോപകുമാറിന്റെ മകൾ ഗൗതമിയുടെതായിരുന്നു ആഭരണം. വാർഡ് മെമ്പർ അബ്‌ദുൾ മജീദിന്റെ സാന്നിധ്യത്തിൽ ഞായറാഴ്ച ആഭരണം കൈമാറി. സ്വർണം തിരികെ കിട്ടിയ സന്തോഷത്തിൽ ഗോപകുമാർ കുട്ടികൾക്ക് വാച്ചുകൾ സമ്മാനമായി നൽകി. ഏറെ ദിവസങ്ങൾ എടുത്തെങ്കിലും യഥാർത്ഥ വ്യക്തിയെ കണ്ടെത്തി സ്വർണാഭരണം നൽകാനായ സന്തോഷത്തിലാണ് വീട്ടുകാരും കുട്ടികളും.

Related