ലീഗിലെ രണ്ടാമന്‍, ടീം VD യില്‍ N ഷംസുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി ?, EK ഇമ്പിച്ചിബാവക്ക് ശേഷം മണ്ണാര്‍ക്കാടിനൊരു മന്ത്രികൂടി
മണ്ണാർക്കാടിന്റെ പ്രിയ MLA എൻ. ഷംസുദ്ദീൻ ഇനി മന്ത്രി, VD സതീശൻ ക്യാബിനറ്റിൽ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാകും. നിയമസഭയിലെ പ്രവർത്തന മികവിനുള്ള കെ.കെ നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം നേടിയ MLA യാണ് എൻ. ഷംസുദ്ദീൻ. 25903 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നാലാം തവണയും മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തുമ്പോൾ ഇത്തവണ എൻ. ഷംസുദ്ദീന് നിർവഹിക്കേണ്ടി വരുന്നത് ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വകുപ്പാണ്. എൻ. മുഹമ്മദ് കുട്ടിയുടെയും, വി വി മറിയക്കുട്ടിയുടെയും മകനായി മലപ്പുറം പറവണ്ണയിൽ ജനിച്ച ഷംസുദ്ദീൻ അഭിഭാഷകൻ കൂടിയാണ്. MSF മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, 4 തവണ കോഴിക്കോട് സർവ്വകലാശാല UUC, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് മെമ്പർ, സംസ്ഥാന വഖഫ് ബോർഡ്, വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് പ്രതിനിധി, റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മറ്റികൾ, ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മറ്റി, SC ST കമ്മറ്റി, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റികളിലെ അംഗം എന്നിവക്കൊപ്പം ന്യൂഡൽഹിയിൽ നടന്ന National legislative conference ലും, മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മറ്റികളുടെ ദേശീയ കോൺഫറൻസിലും കേരള നിയമസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വ്യക്തി കൂടിയാണ് എൻ. ഷംസുദ്ദീൻ. നിലവിൽ IUML സംസ്ഥാന സെക്രട്ടറി, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നിവ കൂടിയാണ്. മുസ്ലിം ലീഗിന്റെ 5 മന്ത്രിമാരിലൊരാളായി
മെയ് 18 തിങ്കളാഴ്ച തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം കേരളത്തിന്റെ 16 മത് നിയമസഭയിൽ ഭാഗമാകും. മണ്ണാർക്കാട്ടുകാരുടെ ഹിതമെന്നപോലെ വീണ്ടും മണ്ഡലത്തിൽ നിന്നൊരു മന്ത്രി. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ക്യാബിനെറ്റിലെത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. 1967 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് EMS രണ്ടാം മന്ത്രിസഭയിൽ ഗതാഗതവകുപ്പു കൈകാര്യം ചെയ്ത പൊന്നാനിക്കാരൻ ഇ.കെ. ഇമ്പിച്ചി ബാവയാണ് മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രി. മണ്ണാർക്കാടിനെ സംസ്ഥാന തലത്തിലെത്തിച്ച മറ്റൊരു മന്ത്രി മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ CPM നേതാവ് മണ്ണാർക്കാട്ടുക്കാരനായ ടി. ശിവദാസമേനോനാണ്. മണ്ണാർക്കാടിന്റെ മേൽവിലാസത്തിൽ നിയമസഭയിലെ ഔദ്യോഗിക കസേരയിലെത്തുന്ന മറ്റൊരു വ്യക്തി CPI നേതാവ് ജോസ് ബേബിയാണ്. സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മണ്ണാർക്കാട്ടുക്കാരനാണ് അദ്ദേഹം. മണ്ഡലത്തിൽ നിന്ന് മന്ത്രി പദത്തിലേക്ക് എൻ. ഷംസുദ്ദീൻ എത്തുമ്പോൾ ഈ നാടിനും ജനങ്ങൾക്കും പ്രതീക്ഷകളേറെയുണ്ട്. തിരൂരാണ് സ്വദേശമെങ്കിലും 15 വർഷക്കാലം കൊണ്ട് മണ്ണാർക്കാട്ടുക്കാരനായി മാറിയിട്ടുണ്ട് അദ്ദേഹം. അതുകൂടി ഉറപ്പിക്കുന്നതായിരുന്നു നാലാമൂഴത്തിൽ ജനങ്ങൾ നൽകിയ അഞ്ചിരട്ടി വോട്ടിന്റെ ഭൂരിപക്ഷം. വരാൻ പോകുന്ന VD സതീശൻ ക്യാബിനറ്റിൽ നിർണായക വകുപ്പുകളിലൊന്നിന്റെ നിർവഹണ തലവനായി എൻ. ഷംസുദ്ദീൻ ഇരിക്കുമ്പോൾ മണ്ണാർക്കാടിന്റെ യശ്ശസ്സേറുകയാണ്. മണ്ഡലത്തിൽ കൂടുതൽ സർക്കാർ കോളേജുകൾ, ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനായി HSS സീറ്റുകളിലെ വർധന, നൂതന പദ്ധതികൾ എന്നിവയെല്ലാം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പദവി ലഭ്യമാകുന്നതോടെ സാധ്യമാകുമെന്നതാണ് പ്രതീക്ഷ.







