കുമരംപുത്തൂരില്‍ പെന്‍ഷന്‍ വിതരണം നടന്നില്ല, സഹകരണ ബാങ്കിനെതിരെ മുസ്ലിംലീഗ്, തുക ലഭിക്കാന്‍ വൈകിയതും അവധി ദിവസങ്ങളുമാണ് കാരണമെന്ന് ബാങ്ക് അധികൃതർ
പെൻഷൻ തുക എത്തിയിട്ടും വിതരണം ചെയ്തില്ല, കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് രാഷ്ട്രീയ പ്രേരിതമായി പെൻഷൻ തുക തടഞ്ഞുവച്ചെന്ന് ആരോപണം, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ബാങ്കിലെത്തി പ്രതിഷേധമറിയിച്ചു, ട്രഷറിയിൽ നിന്നും തുക ലഭ്യമാകാൻ വൈകിയതാണ് വിതരണം വൈകാൻ കാരണമായതെന്ന് ബാങ്ക് അധികൃതർ. പെരുന്നാളിന് മുമ്പ് പെൻഷൻ തുക ജനങ്ങളിലേക്ക് എത്തുമെന്നാണ് UDF സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ 25-ാം തീയതി തുക എത്തിയിട്ടും കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് വിതരണം നടത്തിയില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പെൻഷൻ മുടങ്ങിയ ആദ്യ പെരുന്നാളെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുവാൻ ഇത് കാരണമായെന്നും ബാങ്ക് സെക്രട്ടറിയെ കണ്ട് പരാതിപ്പെട്ടു. ഇക്കാര്യത്തിൽ
ഭരണസമിതിക്കൊപ്പം ഉദ്യോഗസ്ഥർ നിൽക്കരുതെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു. 25-ാം തീയതി രാത്രിയോടെയാണ് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും 26 ന് വൈകീട്ടോടെയാണ് ട്രഷറിയിൽ നിന്ന് ഫണ്ട് ലഭ്യമായത്. ഫണ്ട് ലഭ്യമാകാൻ താമസം വന്നതും പൊതുഅവധി ദിവസങ്ങളായതുമാണ് വിതരണം വൈകാൻ കാരണമായതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് മുൻപ് തന്നെ എല്ലാവരിലേക്കും പെൻഷൻ തുക മുഴുവനും എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി, ബഷീർ കെ കെ, മുജീബ് മല്ലിയിൽ, സഹദ് അരിയൂർ, ഷൗക്കത്ത്, റഹീം ഇരുമ്പൻ, എം ആർ സൈഫുദ്ധീൻ, സാനിദ് അരിയൂർ, ഹാഷിം, പഞ്ചായത്ത്, യൂത്ത് ലീഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.







