വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രവേശനോത്സവത്തിൽ കുരുന്നുകൾക്കൊപ്പം തിളങ്ങി മന്ത്രി എൻ. ഷംസുദ്ദീൻ
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രവേശനോത്സവത്തിൽ കുരുന്നുകൾക്കൊപ്പം തിളങ്ങി മന്ത്രി എൻ. ഷംസുദ്ദീൻ, കുട്ടികൾ പൂക്കളെപോലെയാണ്, നല്ല പരിചരണം നൽകിയാൽ മനോഹരമായി വിടർന്ന് സുഗന്ധം പരത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വിഡി സതീശനാണ് നിർവഹിച്ചത്. അധ്യക്ഷനായി എത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വേദിയിലും കുട്ടികൾക്കിടയിലും ഒരുപോലെ തിളങ്ങി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വരച്ച ഫ്രെയിമുകൾ വേദിയിൽ വച്ച്
കുട്ടികൾ നേരിട്ട് സമ്മാനിച്ചു. സ്കൂളിലെ ആദ്യ ദിനത്തിൽ കരച്ചിലടക്കാനാകാതെ നിൽക്കുന്ന കുരുന്നുകൾക്കരികിലേക്കാണ് പിന്നീട് മന്ത്രി എത്തിയത്. മധുരം സമ്മാനിച്ചുകൊണ്ട് ആശ്വാസ വാക്കുകൾ, സമാധാനിപ്പിക്കൽ. അതിനിടെ മധുരം നൽകിയ മന്ത്രിയുടെ കരങ്ങളിലേക്ക് അപ്രതീക്ഷിതമായുള്ള ഒരു കുരുന്നിന്റെ ചാട്ടം ചുറ്റും കൂടിയവരെയും അമ്പരപ്പിച്ചു. മന്ത്രി സ്നേഹവായ്പ്പുകൾക്കൊണ്ട് കുട്ടികളെ ആലിംഗനം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിലെ എൻ. ഷംസുദ്ദീന്റെ പ്രസംഗം ആവേശത്തോടെയാണ് മണ്ണാർക്കാട് മണ്ഡലത്തിലെ വിദ്യാർഥികളും കേട്ടത്. സ്കൂളുകളിൽ സംസ്ഥാന പ്രവേശനോത്സവ ചടങ്ങ് തത്സമയം വീക്ഷിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു.







