മണ്ണാര്‍ക്കാട് MES കോളേജിലെ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഇനി പണവും സമ്പാദിക്കാം, ക്യാമ്പസില്‍ IT പാര്‍ക്ക് ആരംഭിച്ചു, കമ്പ്യൂട്ടര്‍ അറിവില്ലാത്തവര്‍ക്കും അവസരം
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും വ്യാവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി മണ്ണാർക്കാട് MES കല്ലടി ഓട്ടോണമസ് കോളേജിൽ കാമ്പസ് ഐ.ടി പാർക്ക് ആരംഭിച്ചു. മുൻനിര ഐ.ടി കമ്പനിയായ പ്രൊഡേവ് ഇൻഫോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കാമ്പസ് ഐ.ടി പാർക്ക് ഈ വർഷം ജൂൺ ഒന്നു മുതലാണ് പ്രവർത്തനം ആരംഭിച്ചത്. ഐ.ടി വ്യവസായ മേഖലയിലെ നൂതന അവസരങ്ങൾ, പദ്ധതികൾ, പരിശീലനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് ആർജ്ജിക്കുവാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ് വെയർ ഡെവലപ്മെന്റ്,
വെബ് ആൻഡ് മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇൻഡലിജൻസ്, ഡാറ്റാ അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കൺസൽട്ടിംഗ്, എന്റർപ്രൈസ് ടെക്നോളജി സർവീസ് തുടങ്ങിയ മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. ആഗോള തൊഴിൽ മേഖലകളിലേക്ക് അനുയോജ്യരായവരെ വാർത്തെടുക്കാനാണ് സംരംഭമെന്ന് സ്കൂൾ, IT പാർക്ക് അധികൃതർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പി.എം. ജാസ്മിൻ, സി.പി ശിഹാബുദ്ദീൻ, ജോൺസൺ. എസ്, അൻവർ സാദത്ത്, ടി.സൈനുൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







