കാരാകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റ് അദാലത്ത് ഫലം കാണുന്നു, ഷാപ്പുംകുന്ന് കുട്ടന്റെ വീടിനു മുന്നിൽ അപകടമായി നിന്നിരുന്ന പൈപ്പ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചു നൽകി
കാരാകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റ് അദാലത്ത് ഫലം കാണുന്നു, പരാതിക്ക് ദിവസങ്ങൾക്കുള്ളിൽ ശാശ്വത പരിഹാരം, ഷാപ്പുംകുന്ന് കുട്ടന്റെ വീടിനു മുന്നിൽ അപകടമായി നിന്നിരുന്ന പൈപ്പ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചു നൽകി. വീടിന്റെ മുന്നിലാ പൈപ്പ്, സ്റ്റെപ്പ് ഇറങ്ങാൻ പറ്റില്ല, പൈപ്പിൽ തട്ടി വീണ് പരിക്ക് പറ്റുകയാണ്, ജൂൺ 23 ന് കാരാകുറിശ്ശി പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് അദാലത്തിലേക്ക് ഷാപ്പുംകുന്ന് തോലിയിൽ കുട്ടന്റെ ഭാര്യ സജിത പരാതിയുമായി എത്തി. കയ്യിൽ നിലവിലെ സ്ഥിതിയുടെ ചിത്രവും. ഫോട്ടോ കണ്ടയുടനെ പ്രസിഡന്റ് റിയാസ് നാലകത്തിന് ബുദ്ധിമുട്ട് മനസ്സിലായി, ശേഷം ഉടൻ ശരിയാക്കാമെന്ന മറുപടിയും. ആ പരാതി വെറുതെയായില്ല, പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ
കഴിഞ്ഞ ദിവസം കുട്ടന്റെ വീട്ടിലെത്തി പൈപ്പ് സമീപത്തെ വഴിയോരത്തേക്ക് മാറ്റി സ്ഥാപിച്ചു നൽകി. നേരത്തെ വീടിനു മുന്നിലൂടെയായിരുന്ന റോഡ് വളവ് നിവർത്തി ദിശമാറിയതോടെയാണ് പൈപ്പ് കുട്ടന്റെ വീട്ടുമുറ്റത്തായത്. ആകെയുള്ള മൂന്നര സെന്റ് സ്ഥലത്ത് 5 മീറ്ററോളം നീളമുള്ള പൈപ്പ് ഭീഷണിയാകുന്നത് ചൂണ്ടികാണിച്ച് ജല അതോറിറ്റിക്കുൾപ്പെടെ മുൻപ് പരാതി നൽകിയിരുന്നെങ്കിലും പരിഹാരം പടിക്കലെത്തിയത് പഞ്ചായത്ത് പ്രസിഡന്റിന്റെ അദാലത്തിലൂടെയാണ്. ഒരു പൈപ്പ് മാറ്റി സ്ഥാപിക്കുകയെന്നത് വലിയ കാര്യമല്ലെങ്കിലും കുട്ടന്റെ കുടുംബത്തെ സംബന്ധിച്ച് വർഷങ്ങളായി അനുഭവിച്ചുപോന്ന പ്രയാസത്തിനുള്ള ആശ്വാസമാണത്. പഞ്ചായത്തിൽ കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ തീർപ്പാക്കി സീറോ പെൻഡിങ് ഓഫീസ് എന്ന ലക്ഷ്യത്തിനായാണ് റിയാസ് നാലകത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.







