അർഹമായ മൂല്യം നൽകുമെന്ന് ഉറപ്പു നൽകി, മണ്ണാർക്കാട് DFO ഓഫീസിൽ നിന്ന് ആശ്വാസത്തോടെ മടങ്ങി പ്രതിഷേധം നടത്തിയ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക
ചന്ദനമരം മറയൂരിൽ കൊണ്ടുപോയി ലേലം ചെയ്തശേഷം അർഹമായ മൂല്യം നൽകുമെന്ന് ഉറപ്പു നൽകി, മണ്ണാർക്കാട് DFO ഓഫീസിൽ നിന്ന് ആശ്വാസത്തോടെ മടങ്ങി പ്രതിഷേധം നടത്തിയ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക. വീട്ടിലെ 25 വർഷം പഴക്കമുള്ള ചന്ദനമരം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിച്ചു കൊണ്ടുപോയ ശേഷം തനിക്ക് കിട്ടേണ്ട തുക ഒരുവർഷം പിന്നിട്ടിട്ടും കിട്ടാതെ വന്നതോടെയാണ് അഗളി പല്ലിയറ വടക്കേക്കര വീട്ടിൽ ബെന്നി ലൂക്ക DFO ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. 25 വർഷം പഴക്കമുള്ള ചന്ദനമരം ജീവന് അപകടമാണെന്നും മുറിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ബെന്നി കത്ത് നൽകിയതിനെ തുടർന്നാണ്
2025 മെയ് 17 ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി മരം മുറിച്ചത്. DFO ആവശ്യപ്പെട്ടത് പ്രകാരം തഹസിൽദാരിൽ നിന്ന് മരം തനിക്ക് അവകാശപ്പെട്ടതാണെന്നുൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചിട്ടും അർഹമായ മൂല്യം ഇതുവരെ ലഭിച്ചില്ല എന്ന പരാതിയുമായാണ് DFO ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമക്ക് ചുവട്ടിലിരുന്ന് ബെന്നി പ്രതിഷേധിച്ചത്. നിലവിൽ ഒമ്മാല ഡെപ്യൂട്ടി റേഞ്ച് ഓഫീസിലുള്ള മരത്തടികൾ മറയൂരിലേക്ക് കൊണ്ടുപോയി ലേലം ചെയ്ത ശേഷം ചിലവ് കഴിച്ചുള്ള മൂല്യം നൽകുമെന്ന് ഉറപ്പ് നൽകി ഉദ്യോഗസ്ഥർ അനുനയിപ്പിച്ചതോടെയാണ് ബെന്നി തിരികെ പോകാൻ തയ്യാറായത്. നീതി കിട്ടുമെന്ന് ഉറപ്പായതിനാലാണ് താൻ മടങ്ങിപ്പോകുന്നതെന്ന് ബെന്നി പറഞ്ഞു







