അണ്ടർ 19 റവന്യൂ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പിന്നാലെ നടന്ന ജില്ലാ ടീം സെലക്ഷൻ വിവാദം ഹൈക്കോടതിയിലേക്ക്
അണ്ടർ 19 റവന്യൂ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പിന്നാലെ നടന്ന ജില്ലാ ടീം സെലക്ഷൻ വിവാദം ഹൈക്കോടതിയിലേക്ക്. വിജയിച്ച മണ്ണാർക്കാട് ടീമിൽ നിന്നുള്ള ടൂർണമെന്റ് ടോപ് സ്കോറർ ശാമിൽ ഉൾപ്പെടെയുള്ള താരങ്ങളെ 18 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്താതെ ഒഴിവാക്കുകയും പരാജയപ്പെട്ട തൃത്താല ടീമിൽ നിന്ന് 9 പേരെ ഉൾപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. തൃത്താല ടീമിന്റെ പരിശീലകൻ മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റാണ് ജില്ലാ ടീമിനായി നൽകിയതെന്നായിരുന്നു പ്രധാന ആരോപണം. ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ഇന്നവസാനിക്കെയാണ് മണ്ണാർക്കാട് ഫുട്ബോൾ പ്രേമികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
വിഷയത്തിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖേന വിദ്യാഭ്യാസ മന്ത്രിയോടും MP വി. കെ ശ്രീകണ്ഠനോടും ഫുട്ബോൾ കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചിരുന്നു. സുതാര്യമായാണ് ടീം സെലക്ഷൻ നടത്തിയതെന്നാണ് മന്ത്രിക്ക് സെലക്ഷൻ കമ്മിറ്റി അധികൃതരിൽ നിന്ന് ലഭിച്ച മറുപടി. സെലക്ഷനിൽ ആർക്കും പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും വിദ്യാർത്ഥിയുടെ വ്യക്തിഗത കഴിവ്, പ്രകടനം, മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷമായാണ് പ്രക്രിയ നടത്തിയതെന്നും ചുമതലപ്പെട്ടവർ അറിയിക്കുകയും അക്കാര്യം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ബോധ്യപ്പെട്ടതായുമാണ് സ്പോർട്സ് ഓർഗാനൈസർക്ക് ഉപഡയറക്ടർ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.







