അട്ടപ്പാടിയിലെ ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തന സ്ഥിതി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.എ. തുളസി നിര്‍ദേശം നല്‍കി
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തന സ്ഥിതിയും നിര്‍ത്തലാക്കിയവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുടുംബശ്രീ കോഡിനേറ്റര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി നിര്‍ദേശം നല്‍കി. 180 ലേറെ കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണം മാത്രമാണുള്ളത്. കിച്ചണുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ബില്ലുകള്‍ വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കുന്ന രീതി ഒഴിവാക്കി മൂന്നുമാസത്തില്‍ ഒരിക്കലാക്കണം. കുടിശ്ശിക ലഭിക്കാത്ത കാരണത്താൽ ഇവയുടെ പ്രവർത്തനം നിലക്കാൻ ഇടവരരുതെന്നും മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യ കുടുംബക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആനക്കട്ടി വട്ടലക്കി കോപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ
കുറവിനാൽ വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഗോത്രവിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം. പട്ടയം ലഭിച്ചിട്ടും ഭൂമി കൈവശം ലഭിക്കാത്ത സാഹചര്യം റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സബ് കളക്ടര്‍ കണ്‍വീനറായുള്ള വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വി.കെ. ശ്രീകണ്ഠന്‍ എം.പി, സബ് കലക്ടര്‍ അന്‍ജിത് സിങ്, അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍, എസ്. അല്ലന്‍, ഷിബു സിറിയക്, സി. തങ്കവേലു, ഡി.എസ്. ചിത്ര, അട്ടപ്പാടി തഹസില്‍ദാര്‍ മനോജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







