സുവർണ്ണ ജൂബിലി : രണ്ട് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സ്നേഹഭവനങ്ങൾ നിർമിച്ചുനൽകി കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ
ഒരു നാടിന് അറിവിന്റെ വെളിച്ചം പകർന്ന അമ്പതുവർഷങ്ങളുടെ സുദീർഘമായ യാത്രയിൽ, കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചരിത്രത്തിൽ കുറിച്ചത് കാരുണ്യത്തിന്റെ ഹൃദയസ്പർശിയായ ഒരധ്യായം. അക്ഷരങ്ങളിലൂടെ തലമുറകൾക്ക് അറിവും തിരിച്ചറിവും പകർന്നുനൽകിയ വിദ്യാലയം, സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കായി രണ്ട് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സ്നേഹഭവനങ്ങൾ നിർമിച്ചുനൽകി. അമ്പതോളം വ്യത്യസ്ത പരിപാടികളുമായി സംഘടിപ്പിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ്, സ്നേഹഭവനങ്ങളുടെ താക്കോൽദാനം, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.ഭാസ്കരൻ മാസ്റ്റർക്കുള്ള ആദരം എന്നിവയുടെ ഉദ്ഘാടനം എം.പി. വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ആരവങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ നിശ്ശബ്ദമായ കൈയൊപ്പായി ഈ രണ്ട് വീടുകൾ നിലകൊള്ളും. പഠിച്ചറിഞ്ഞ അറിവ് ജീവിതത്തിൽ പകർത്തുകയും സമൂഹത്തിന്റെ കണ്ണീരൊപ്പാൻ കൈകോർക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർഥ അർഥം കൈവരിക്കുന്നതെന്ന വലിയ സന്ദേശമാണ് ഈ മാതൃകാപ്രവർത്തനത്തിലൂടെ സ്കൂൾ മുന്നോട്ടുവെക്കുന്നതെന്ന് സ്നേഹ ഭവനങ്ങളുടെ താക്കോൽദാനം നടത്തി എം പി വി കെ ശ്രീകണ്ഠൻ പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനങ്ങളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കിയ പരിപാടികളും സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ അവതരിപ്പിച്ചു







