മണ്ണാര്‍ക്കാടിനി കറന്‍റ് പോകില്ല, ഇടക്കുള്ള വൈദ്യുതി തടസ്സം 2028 ല്‍ അവസാനിക്കും. വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി KSEB, വരുന്നു അട്ടപ്പാടി ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതി
മണ്ണാര്‍ക്കാട് അട്ടപ്പാടി പ്രദേശങ്ങളില്‍ ഇടവേളകളിലുണ്ടാകുന്ന വൈദ്യുതി തടസ്സം 2028 ഓടെ അവസാനിക്കും. മണ്ണാര്‍ക്കാട് വൈദ്യുതി വിതരണ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെ.എസ്.ഇബി, മണ്ണാര്‍ക്കാടും അഗളിയിലും 220 കെ.വി സബ്സ്റ്റേഷന്‍ വരുന്നു. അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന സബ്‌സ്‌റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നു. 311 കോടിയുടേതാണ് പദ്ധതി. വെണ്ണക്കര 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നുള്ള 1974-ൽ നിർമ്മിച സിംഗിൾ സർക്യൂട്ട് ലൈൻ മാത്രമാണ് നിലവിൽ മണ്ണാർക്കാട് പ്രദേശത്തേക്കുള്ള ഏക വൈദ്യുതി ഊർജ്ജ ഉറവിടം. മണ്ണാർക്കാട് മുതൽ അഗളി വരെയുള്ള വൈദ്യുതി പ്രസരണത്തിനായി 33 കെ.വി. ഡബിൾ സർക്യൂട്ട് പ്രസരണ ലൈനിനെയാണ് ആശ്രയിക്കുന്നത്. അട്ടപ്പാടി ചുരം മേഖലയിലൂടെ പോകുന്ന ലൈനില്‍ കാലവര്‍ഷ സമയത്ത് തകരാറുകള്‍ ഉണ്ടാകുന്നതോടെ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുക പതിവാണ്. കൂടാതെ പാലക്കാട് നിന്ന് വരുന്ന 110 കെ.വി സബ്സ്റ്റേഷനിലും അറ്റകുറ്റപ്പണിക്കായി ദിവസത്തില്‍ 8 മുതല്‍ 5 മണിവരെ മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ വൈദ്യുതി തടസ്സവും പല തവണ ഉണ്ടാവാറുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഇതിന് പരിഹാരമാകും. മണ്ണാര്‍ക്കാട്ടെ വൈദ്യുത
മേഖലയില്‍ പുതിയ അധ്യായമാണ് ഇതോടെ സംഭവിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ണാർക്കാട്, അഗളി, അട്ടപ്പാടി പ്രദേശങ്ങളിലെ വൈദ്യുതി പ്രസരണ ശൃംഖല കൂടുതൽ ശക്തിപ്പെടുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭിക്കുകയും വോൾട്ടേജ് ക്ഷാമം ഉൾപ്പെടെ പരിഹരിക്കപ്പെടുകയും ചെയ്യും. പദ്ധതി എത്തുന്നതിലൂടെ അട്ടപ്പാടിയിലെ കാറ്റാടി, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ പ്രസരണ നഷ്ടത്തോടെ തടസ്സരഹിതമായി വൈദ്യുതി ഗ്രിഡിലേക്ക് എത്തിക്കുവാനാകും. ഇത് ഇത്തരത്തിലുള്ള കൂടുതല്‍ വൈദ്യുതി ഉത്പാദനത്തിനും പ്രചോദനമാകും. 311.11 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്. 2028 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട്, അഗളി 220 കെ.വി. ജി.ഐ.എസ്. സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10, ശനിയാഴ്ച വൈകിട്ട് 4.30ന് മണ്ണാർക്കാട് നെല്ലിപ്പുഴ പാലാട്ട് റെസിഡൻസിൽ മന്ത്രി N. ഷംസുദ്ദീൻ നിർവഹിക്കും. MP വി. കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയാകും. മണ്ണാർക്കാട്, അഗളി മേഖലകളിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനും സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ്ജ മുന്നേറ്റത്തിനും പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിലൂടെ സാധ്യമാകും







