ഒറീസ്സയില്‍ നിന്ന് മലപ്പുറത്തേക്ക് കഞ്ചാവെത്തിക്കുന്ന ഒറീസ സ്വദേശി ഒ.എം പ്രകാശ് പൂജാരിയെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. 2 കിലോയിലധികം കഞ്ചാവാണ് കണ്ടെടുത്തത്.
ഒറീസ്സ കോരപ്പുട്ട് ജയന്ത്ഗിരി സ്വദേശി ഒ.എം പ്രകാശ് പൂജാരിയാണ് അറസ്റ്റിലായത്. 2 വര്‍ഷമായി മലപ്പുറത്ത് കൂലിപ്പണി ചെയ്ത് വരികയാണ്. ശനിയാഴ്ച്ച തൊഴിലാളികളുമായി മലപ്പുറത്തേക്ക് പോകുന്ന ബസ്സില്‍ വരികയായിരുന്നു. ഒറീസ്സയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരുന്ന രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ പുലര്‍ച്ചെ 5 മണിക്ക് മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ വെച്ച് പോലീസ് ബസ്സ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രകാശ് പൂജാരിയുടെ ബാഗില്‍ നിന്ന് 2 കിലോ 344 ഗ്രാം

കഞ്ചാവ് കണ്ടെടുത്തത്. മുന്‍പ് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി എസ്ഐ ശ്രീജിത്ത് എകെ പറഞ്ഞു. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഒറീസ കോരപ്പുട്ട്. പാലക്കാട് എസ്.പി അജിത്ത്കുമാര്‍, മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ്, സി.ഐ എംബി രാജേഷ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ശ്രീജിത്ത്, എസ്.ഐമാരായ ജസ്വ്വിന്‍ ജോയ്, സുഹൈല്‍, പോലീസുകാരായ ഹാരിസ് മുഹമ്മദ്, വിനോദ്, മുബാറക്കലി, റംഷാദ്, ഹേമന്ദ്, സഹദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.