കുന്തിപ്പുഴ കഴിഞ്ഞാല്‍ പരിഗണിച്ചത് കണ്ണംകുണ്ട് പാലം, ഡിസംബറില്‍ പണി ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് MLA ഷംസുദ്ദീന്‍, സ്ഥലം നല്‍കാന്‍ ഭൂവുടമകള്‍ക്ക് സമ്മതം

അലനല്ലൂരിന്റെ സ്വപ്ന പദ്ധതിയായ കണ്ണംകുണ്ട് പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നു.അവസാനഘട്ട നടപടികൾ പൂർത്തീകരണത്തിലേക്ക്. സ്ഥലത്ത് എംഎൽഎ എൻ.ഷംസുദ്ദീനും, വിവിധ വകുപ്പുദ്യോഗസ്ഥരും സന്ദർശനം നടത്തി. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 14 കോടി 14 ലക്ഷം രൂപയാണ് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ഏകദേശ ചെലവ്. ഇതിനായി നിലവിൽ 13 കോടി രൂപയുടെ ഭരണാനുമതി ഉണ്ട്. ആകെ 29.46 സെന്റ് ഭൂമിയാണ് നിർമ്മാണത്തിന്റെ വിസ്തൃതിക്കായി സമീപവാസികളിൽ നിന്ന് ഏറ്റെടുക്കുന്നത്. പാലം നിർമ്മാണത്തിന് മുന്നോടിയായി ഭൂഉടമകളിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്തിന്റെ അതിരുകളുടെ പുനർനിർണയം ഉറപ്പുവരുത്തുക,ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർക്ക് വിശദീകരിച്ച് നൽകുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം ഇട്ടായിരുന്നു സന്ദർശനം.നിലവിലെ പാലം സന്ദർശിച്ച സംഘം സമീപത്തെ പുളിമരച്ചോട്ടിൽ ആണ് പൊതുയോഗം ചേർന്നത്. നിർമ്മാണത്തിനായി





സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾ തങ്ങളുടെ ആകുലതകൾ യോഗത്തിൽ പറഞ്ഞു. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിയിൽ കൂടുതൽ ഒരു തുണ്ടുപോലും നഷ്ടപ്പെടില്ലെന്നും, ഭൂമിക്ക് സർക്കാർ നൽകുന്ന തുക വിപണി മൂല്യത്തിന് തത്തുല്യമായ രീതിയിൽ ലഭ്യമാകും എന്നും കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് മുരളീധരൻ ഇവർക്ക് ഉറപ്പു നൽകി. കിഫ്ബി യുടെ മാനദണ്ഡങ്ങളിലെ വ്യതിയാനങ്ങൾ മൂലമാണ് പദ്ധതി വൈകിയതെന്നും, ഈ വർഷം ഡിസംബർ ഓടുകൂടി പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്നും എംഎൽഎ എൻ.ഷംസുദ്ദീൻ പറഞ്ഞു. കണ്ണംകുണ്ട് പാലം തന്റെ വികസന അജണ്ടയിൽ രണ്ടാമത്തെ ആണെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് തഹസിൽദാർ ജോയ്.സി.സി, ഡെപ്യൂട്ടി തഹസിൽദാർ അബ്ദുറഹ്മാൻ, ബ്രിഡ്ജസ് അസിസ്റ്റന്റ് എഞ്ചിനീയർ ഷർമിള,ഓവർസിയർമാരായ അനൂപ്ദാസ്,ശ്രീജിത്ത്‌, നൗഷാദ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related