മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണം, സംസ്ഥാന നേതാക്കളെ കണ്ട് മണ്ണാര്‍ക്കാട് മുസ്ലിംലീഗ് നേതാക്കള്

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ സീറ്റ് സംബന്ധിച്ച് മുസ്ലിംലീഗില്‍ അണിയറ നീക്കങ്ങള്‍ സജീവം, എംഎല്‍എ ഷംസുദ്ദീന്‍ തന്നെ തുടരുമെന്ന ചര്‍ച്ചകള്‍ മുന്നോട്ടുപോകവേ മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥി ആകുന്നതിനായി ഒരുവിഭാഗം നേതാക്കള്‍ സംസ്ഥാന ഭാരവാഹികളെ കണ്ടു. 3 ടേമായി മണ്ണാര്‍ക്കാട് ഷംസുദ്ദീനാണ് എംഎല്‍എ, മണ്ണാര്‍ക്കാട്ടെ നേതാക്കള്‍ ഒരു പേരിലെത്താത്തതിനാലാണ് 15 വര്‍ഷം മുന്‍പ് സംസ്ഥാന നേതൃത്വം ഷംസുവിനെ തിരൂരില്‍ നിന്ന് മണ്ണാര്‍ക്കാടിറക്കിയത്. ജനസ്വാധീനം, പ്രവര്‍ത്തന മികവ്, നിയമസഭയിലെ പ്രകടനം കൂടിയായതോടെ സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന എംഎല്‍എമാരില്‍ ഒരാളായി എന്‍.ഷംസുദ്ദീന്‍ മാറി. അതുകൊണ്ട് തന്നെ 2016 ലും 2021 ലും മാറി ചിന്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് മുന്‍പില്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. ശക്തമായ 2 ഇടതുതരംഗങ്ങളില്‍ പ്രധാന നേതാക്കള്‍ക്ക്പോലും കാലിടറിയപ്പോഴും ഷംസുദ്ദീന്‍ പിടിച്ചുനിന്നു. തുടര്‍ച്ചയായി 3 തവണ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയെന്ന ചരിത്രവും ഷംസുദ്ദീന്‍ കുറിച്ചിട്ടു. എടുത്തുപറയത്തക്ക ഒരു പരാതിയും എതിര്‍പക്ഷത്തിന് ഉയര്‍ത്താനുമായില്ല. വികസനങ്ങളില്‍ വിവേചനം കാണിച്ചതായും ജനങ്ങള്‍





പറഞ്ഞില്ല. എന്നാല്‍ മണ്ഡലത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചക്കായി എംഎല്‍എയുടെ കാര്യമായ ഇടപെടല്‍ ഇല്ലെന്ന് ഒരു വിഭാഗം അണികളില്‍ അടക്കംപറച്ചിലുണ്ടായിരുന്നു. 2026 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നുള്ള പേരുകളും ഉയരുന്നുണ്ട്. എംഎല്‍എ ഷംസുദ്ദീന് തുടരണമെന്ന് ഒരു വിഭാഗം, മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് മറ്റൊരു വിഭാഗം, 15 വര്‍ഷമായി മണ്ഡലത്തിന് പുറത്തുള്ളയാള്‍ എംഎല്‍എ ആയെന്നിരിക്കെ ഇത്തവണ മണ്ഡലത്തിലുള്ളവര്‍ക്ക് അവസരം ഉണ്ടാകണമെന്ന കാഴ്ച്ചപ്പാടിനായി മിക്ക നേതാക്കളും ഒരുമിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാന നേതാക്കളെ പല ഘട്ടങ്ങളിലായെത്തി കണ്ട് വിവരം ധരിപ്പിച്ചതായാണ് അറിയുന്നത്. 2026 ല്‍ യുഡിഎഫിന് ജീവന്‍മരണ പോരാട്ടമാണെന്നിരിക്കെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നതല്ലാതെ പ്രാദേശികവാദം സംസ്ഥാന നേതൃത്വത്തിന് മുന്‍പില്‍ പ്രധാന ഘടകമല്ല. എന്‍.ഷംസുദ്ദീനാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഷംസുദ്ദീനല്ലെങ്കിലും ലീഗിന് മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രാദേശിക വാദമുന്നയിക്കുന്ന നേതാക്കളുടെ കാഴ്ച്ചപ്പാട്, ഇത് ബോധ്യപ്പെടുത്തുംവിധമുള്ള കണക്കുകള്‍ ഇവര്‍ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം

Related