കാഞ്ഞിരം സബ് കനാലിൽ മലമ്പാമ്പ്, വെള്ളത്തിലിറങ്ങി പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി സ്നേക്ക് വളണ്ടിയർ ഹംസ പിച്ചളമുണ്ട
കാഞ്ഞിരം കല്ലമലക്ക് സമീപത്തെ സബ് കനാലിൽ പതിവുപോലെ കുളിക്കാനായി എത്തിയ നാട്ടുകാരിൽ ചിലർ ഇതുവരെ കാണാത്ത ഒരു നീരാട്ട് കണ്ട് ഒന്ന് ഞെട്ടി. വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടക്കുന്ന കക്ഷി ചില്ലറക്കാരനല്ലെന്ന് പിന്നീടാണ് വ്യക്തമായത്. വില്ലനൊരു മലമ്പാമ്പ്. കണ്ടവരിൽ ചിലർ ഉടനെ തന്നെ സ്നേക്ക് വളണ്ടിയർ ഹംസ
പിച്ചളമുണ്ടയെ ഫോണിൽ വിളിച്ചു. ഹംസ എത്തിയപ്പോൾ കനാലിന്റെ അരികിലേക്ക് വിശ്രമിക്കാൻ കയറിയിട്ടുണ്ട് കക്ഷി. ഇര വിഴുങ്ങി കഴിഞ്ഞ ശേഷമാണ് വെള്ളത്തിലെ നീന്തൽ. വീണ്ടും വെള്ളത്തിലേക്ക്. പിന്നെ ഹംസ വെള്ളത്തിലിറങ്ങി പതിയെ മലമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചപ്പോഴാണ് പ്രദേശവാസികൾക്കും ആശ്വാസമായത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.







