മരുന്ന് കഞ്ഞി, ഫ്രൂട്ട്സ് പാനീയങ്ങൾ : വഴിയാത്രക്കാരെ കാത്ത് കൊടക്കാട് SKSSF ൻ്റെ സമൃദ്ധ നോമ്പുതുറ, വീടുകളിലേക്കും കഞ്ഞി എത്തും
യാത്രക്കാർക്കും നാട്ടുകാർക്കും നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി SKSSF കോട്ടോപ്പാടം കൊടക്കാട് യൂണിറ്റ്, ഒന്നര പതിറ്റാണ്ടായി തുടരുന്ന സേവനം ഇത്തവണയും ദേശീയപാത കൊടക്കാട് സെന്ററിലുണ്ടാകും, ഭക്ഷണ പാനീയങ്ങളും, മരുന്ന് കഞ്ഞിയും വിതരണം ചെയ്യും. റമദാൻ മാസത്തിലെ എല്ലാ ദിവസവും കൊടക്കാട് സെന്ററിൽ വൈകീട്ട് 5:30 മുതൽ വാങ്ക് വിളിക്കുന്നത് വരെ യാത്രകാർക്ക് നോമ്പ് തുറക്കാനാവശ്യമായ വെള്ളവും, പഴങ്ങളുമായി SKSSF പ്രവർത്തകരുണ്ടാകും. ദീർഘദൂര ബസ്സുകൾ, ചരക്കു വാഹനങ്ങൾ തുടങ്ങി വാഹന യാത്രക്കാർക്കുൾപ്പെടെ എല്ലാവർക്കും വിഭവങ്ങൾ നൽകി യാത്രയാക്കും. ഇരുന്ന് കഴിക്കാനുള്ള സൗകര്യവും സമീപത്തെ മദ്രസയിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് പതിവ് വിഭവങ്ങൾ കൂടാതെ പ്രത്യേക മരുന്ന് കഞ്ഞിയും ചമ്മന്തിയും നൽകും. മാത്രമല്ല, 4 മണിമുതൽ 5.30 വരെ വീടുകളിലേക്ക്
കഞ്ഞി പാഴ്സലായി നൽകുകയും ചെയ്യും.15 വർഷമായി സേവനം നടത്തിവരുന്നതായി SKSSF ജില്ലാ പ്രസിഡന്റ് ഹുസൈൻ തങ്ങൾ കൊടക്കാട് പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക സഹായത്തോടെ 10,000 രൂപയുടെ വിഭവങ്ങളാണ് ദിവസവും തയ്യാറാക്കുന്നത്. മസ്ജിദിൽ വരുന്നവർക്ക് മാത്രമായി തുടങ്ങിയ നോമ്പുതുറ സൗകര്യം പിന്നീട് ദിനംപ്രതി 300 ലധികം ആളുകൾക്ക് നൽകുന്ന രീതിയിലെക്കെത്തി. എല്ലാവരുടെയും പതിവ് തെറ്റാതെയുള്ള സഹകരണം ഇത്തവണയുമുണ്ടെന്ന് മഹല്ല് ഖത്തീബ് ഫാരൂഖ് ഫൈസി പറഞ്ഞു. CK ഇസ്മായിൽ, മണ്ണിൽ അബ്ദുൽനാസർ, എം. ജാഫർ, CK സത്താർ, CK സുബൈർ, മണ്ണിൽ ബാബു, എൻ. മുജീബ്, CK മുസ്തഫ, റഫീഖ് മാനി, മുനീർ മണ്ണിൽ, KP നൗഷാദ്, ലത്തീഫ്, ഹംസക്കുട്ടി, VK ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.







