ക്ഷേത്രാങ്കണത്തിൽ റമദാൻ കിറ്റ് വിതരണം, സൗഹാർദ്ദം വിളിച്ചോതി നൗഷാദ് അസോസിയേഷൻ
600 ലധികം നൗഷാദുമാരുടെ അസോസിയേഷൻ, മലപ്പുറം ത്രിപുരാന്തക ശിവ ക്ഷേത്രാങ്കണത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി, ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വിജയൻ മീമ്പാട്ടും, സെന്റ് ജോൺ ലൂഥറൻ സഭ വികാരി ഫാ. ജോൺ ദാസും വിതരണോദ്ഘാടനം നിർവഹിച്ചു, കേരളത്തിന്റെ യഥാർത്ഥ ചിത്രം ഇങ്ങനെയൊക്കെയാണ്. മലപ്പുറത്തിലൂടെ കേരളത്തിന്റെ മതസൗഹാർദം വീണ്ടും വിളിച്ചോതുകയാണ് നൗഷാദ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി. മലപ്പുറം ജില്ലാ കമ്മിറ്റിയിൽ 600 ലധികം നൗഷാദുമാരുണ്ട്. ഏഴ് വർഷങ്ങൾക്കു മുമ്പാണ് സംസ്ഥാനതലത്തിൽ കൂട്ടായ്മ രൂപീകരിച്ചത്. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാനാ മതസ്തർക്കും റമദാൻ കിറ്റ്
വിതരണം ചെയ്തു. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ത്രിപുരാന്തക ശിവ ക്ഷേത്രാങ്കണത്തിൽ വച്ച് ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വിജയൻ മീമ്പാട്ടും, സെന്റ് ജോൺ ലൂഥറൻ സഭ വികാരി ഫാ. ജോൺ ദാസും ചേർന്ന് നിർവഹിച്ചു. മലപ്പുറത്തിന്റെ മത സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തികൾ കേരള സമൂഹത്തിന് മാതൃകയാണന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജില്ലാതലത്തിന് പുറമേ നിയോജക മണ്ഡലതലങ്ങളിലും നൗഷാദുമാർ കിറ്റുകൾ വിതരണം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് നൗഷാദ് പാതാരി അദ്ധ്യക്ഷനായി. ജില്ലാ രക്ഷാധികാരി നൗഷാദ് മാമ്പ്ര, നൗഷാദ് പുത്തനങ്ങാടി, അസോസിയേഷൻ ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു







