കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ച അലസി, മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, അസംതൃപ്തരുടെ യോഗം ഉടന്‍, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം

മണ്ണാര്‍ക്കാട് മുസ്ലിംലീഗില്‍ കടുത്ത ഭിന്നത, മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായനെതിരെ പടയൊരുക്കം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നടന്ന അനുനയ ചര്‍ച്ച അലസിപ്പിരിഞ്ഞു. അസംതൃപ്തരുടെ നിസ്സഹകരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാതെ എന്‍.ഷംസുദ്ദീനെ തന്നെ നാലാമതും ഇറക്കിയതിലാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത രൂക്ഷമായത്. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം ഒരുവിഭാഗം പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും മുഖവിലക്കെടുക്കാത്തതിലാണ് അതൃപ്തി. വിഷയം പരിഹരിക്കുന്നതിനായി ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചേര്‍ന്നയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും യോഗത്തിലെത്തി. നേതാക്കളടക്കം 100 ഓളം അസംതൃപ്തരും പങ്കെടുത്തു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ട്ടിക്കുന്നതിന് മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്‍ ശ്രമിക്കുന്നുവെന്നാണ് അസംതൃപ്തരുടെ പരാതി. അതിനാല്‍ റഷീദിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഇതില്‍ തീരുമാനമാകാനാകുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മാത്രമല്ല വിവിധ പഞ്ചായത്തുകളിലുമടക്കം നടപടിയെടുത്തവരെ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞതായാണ് വിവരം. ഇതോടെ





ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. മണ്ഡലത്തില്‍ ഭിന്നത നിലനിര്‍ത്തി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടി കൈപിടിയിലൊതുക്കാന്‍ മണ്ഡലത്തിലെ ചിലര്‍ ശ്രമിക്കുന്നതായാണ് ലീഗിലെ ഒരുവിഭാഗം പരാതിപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയുന്നതിനായി ജില്ലാ കമ്മിറ്റിയിലെ സ്വാധീനം കുറക്കുന്നതിനായാണ് ടി.എ സിദ്ധീഖിനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ഇടപെടലെന്നും ഇവര്‍ വിലയിരുത്തുന്നു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായ മണ്ഡലം പ്രചരണ ജാഥകള്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പലയിടങ്ങളിലും നടന്നിരുന്നില്ല. മണ്ഡലം കമ്മിറ്റിയുടെ നിസ്സഹകരണമാണ് ഇതിന് കാരണം. എന്നാല്‍ പല നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായിട്ടും ഈ വിഷയത്തില്‍ മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതിലും അസംതൃപ്തര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. മാസങ്ങളായി മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയ ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നത്. വരും ദിവസങ്ങളില്‍ അസംതൃപ്തരുടെ യോഗം മണ്ണാര്‍ക്കാടുണ്ടാകുമെന്നാണ് അറിയുന്നത്. ഇതില്‍ പുതിയ നീക്കങ്ങള്‍ തീരുമാനിക്കും. നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും നിരവധി പ്രവര്‍ത്തകര്‍ അസംതൃപ്തരുടെ കൂടെയുണ്ട്. ഇവര്‍ കടുത്ത തീരുമാനത്തിലെത്തിയാല്‍ ലീഗിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും

Related