അട്ടപ്പാടി മധു വധകേസ് : ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, 12 പേര്‍ക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുകയും പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും ചുമത്തി. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. വിചാരണക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. വിചാരണ കോടതി ശിക്ഷിച്ച മറ്റു 13 പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരീം എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടതും ബെഞ്ച്





ശരിവച്ചു. ഒന്നാം പ്രതി ഹുസൈന് നേരത്തേ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതികൾ ആക്രമിച്ചതെന്ന് കണക്കാക്കി മനഃപൂർവ്വമല്ലാത്ത നരഹത്യയായി വിചാരണ കോടതി മാറ്റിയിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാനം ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായിരുന്നതെന്നും ഹുസൈന്‍ വാദിച്ചു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും ഹുസൈന്‍ ഹാജരാക്കി. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി.

Related