കൊച്ചിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് ഓട്ടം വന്ന ടാക്സി കാർ, ഡ്രൈവർക്ക് നേരെ ബലം പ്രയോഗിച്ച് തട്ടിയെടുത്തു. മണ്ണാർക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാർക്കാട് വടക്കുമണ്ണം നായപ്പാടത്ത് മുഹമ്മദ് അസറുദ്ദീൻ, കൈതച്ചിറ മാസപ്പറമ്പ് കൊങ്ങത്ത് സുജിത്ത്, നായാടിക്കുന്ന് മരക്കടവിൽ നിയാസ് എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 2.30 നാണ് സംഭവം. കോട്ടയം മുണ്ടക്കയം സ്വദേശി അതുൽ ടാക്സിയുമായി കൊച്ചിയിൽ നിന്നും മണ്ണാർക്കാട് പെരിമ്പടാരി ഗോവിന്ദപുരത്തേക്ക് യാത്രക്കാരനുമായി വന്നതായിരുന്നു. തിരിച്ചുപോകുന്ന വഴി വാഹനം റോഡരികിൽ നിർത്തി ഗൂഗിൾ മാപ്പ് നോക്കുന്നതിനിടെ മൂന്ന് പേർ വാഹനത്തിനടുത്ത് എത്തുകയും 2 പേർ
കാറിൽ കയറി ബലം പ്രയോഗിച്ച് അതുലിൽ നിന്ന് ചാവി പിടിച്ചുവാങ്ങുകയുമായിരുന്നു. കാറുമായി കടന്നുകളയുന്നതിനിടെ ആശുപത്രിപ്പടി ഭാഗത്തെത്തിയപ്പോൾ അതുൽ വാഹനത്തിൽ നിന്ന് ചാടി അവിടെ ഉണ്ടായിരുന്നവരോട് വിവരങ്ങൾ പറഞ്ഞു. ശേഷം സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളുടെ പേഴ്‌സ്, ഫോൺ എന്നിവയും സംഘം കവർന്നിരുന്നു. അന്വേഷണത്തിൽ കാർ കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് നിന്നും കണ്ടെത്തുകയും പ്രതികൾ പിടിയിലാകുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







