മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മടവാൾ കൊണ്ട് ഭർത്താവ് ഭാര്യയെ വെട്ടി, ഭാര്യയുടെ കൈ പത്തി മുറിഞ്ഞു. ഭർത്താവ് അറസ്റ്റിൽ
മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മടവാൾ കൊണ്ട് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ. തെങ്കര, മണലടി സ്വദേശി തീയ്യത്തും വളപ്പിൽ 54കാരൻ അഷറഫിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ റഷീദ അഷറഫുമായി പിണങ്ങി മക്കൾക്കും മാതാവിനുമൊപ്പം കാഞ്ഞിരപ്പുഴ നെല്ലിക്കുന്നിൽ വാടകക്ക് താമസിക്കുകയായിരുന്നു. രണ്ടാഴ്ചയായി
അഷറഫ് വീണ്ടും റഷീദക്കൊപ്പം താമസിക്കാനെത്തിയിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഇതിനിടെ മടവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. റഷീദയുടെ കൈ പത്തി മുറിഞ്ഞു. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച മണലടിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.







