കൃഷിനാശം, തെരുവ് വിളക്ക്, കാടുവെട്ടല്‍ എന്നിവയ്ക്ക് പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്, മണ്ണാര്‍ക്കാട് DFO യ്ക്ക് നിവേദനം നല്‍കി
കാട്ടാനശല്യത്തിന് പരിഹാരം വേണം, കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം, അടിക്കാട് വെട്ടൽ, ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവ പൂർത്തീകരിക്കണം എന്നിങ്ങനെ ആവശ്യങ്ങളുമായി യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ DFO ക്ക് നിവേദനം നൽകി. കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര, എടത്തനാട്ടുക്കര പ്രദേശങ്ങളിൽ കാട്ടാന ജനവാസ മേഖലയിലിറങ്ങി ഭീഷണിയുണ്ടാക്കുന്ന സാഹചര്യമാണുള്ളത്. തൊടുകാട് ഭാഗത്ത് ലൈറ്റുകളുടെ കുറവുമുണ്ട്. വനാതിർത്തിയിൽ വരുന്ന ഇടങ്ങളിൽ അടിക്കാട് വെട്ടൽ സാധ്യമാകുന്നില്ല. കോട്ടോപ്പാടം അമ്പലപ്പാറ വരെ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. 20 കിലോമീറ്റർ കൂടി ഫെൻസിങ് പൂർത്തിയാക്കേണ്ടതുണ്ടെന്നും പ്രവർത്തകർ പറഞ്ഞു. നിലവിൽ 5 കിലോമീറ്റർ ഫെൻസിങ് സ്ഥാപിക്കാൻ ഫണ്ട് പാസായിട്ടുണ്ടെന്നും ശേഷിക്കുന്ന
15 കിലോമീറ്റർ ചെയ്യേണ്ടതുണ്ടെന്നും DFO അബ്‌ദുൾ ലത്തീഫ് വ്യക്തമാക്കി. പഞ്ചായത്തിന്റെ സഹകരണം കൂടി ഇക്കാര്യത്തിൽ ആവശ്യമാണ്. വന്യമൃഗ ശല്യത്താൽ നഷ്ടം നേരിട്ടവർക്കുൾപ്പെടെ വിവരമറിയിക്കാനായി ഈ മാസം 13 ന് അദാലത്ത് സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫെൻസിങ് നടപടികൾക്കും മറ്റുമായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് മണ്ഡലം MLA യും മന്ത്രിയുമായ എൻ. ഷംസുദ്ദീനെയും വകുപ്പ് മന്ത്രിയെയും കണ്ട് വിവരം അറിയിക്കാമെന്ന് പ്രവർത്തർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലകുറിശ്ശി, നസീർ ബാബു, ആഷിക് വറോടൻ, ഷാനിർ മണലടി, ഹാരിസ് തത്തേങ്ങലം, ഷാനിർ ബാബു, ഹാഷിർ എംകെ, സുജിത് മഞ്ചാടിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.







