പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അട്ടപ്പാടി ITDP ഓഫീസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി KA തുളസി നിർവഹിച്ചു

സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണ്, ഇവ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി KA തുളസി. പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അട്ടപ്പാടി ITDP ഓഫീസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഷോളയൂര്‍ പ്രിമെട്രിക് ഹോസ്റ്റൽ, വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ സുരക്ഷിതമാക്കുന്നതിനും വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനുമായി തയ്യാറാക്കിയ എഫ്.ആര്‍.എ ഓണ്‍ലൈന്‍ പോര്‍ട്ടൽ, മുള്ളിയിലെ കുപ്പന്‍ കോളനി, ഷോളയൂരിലെ നഞ്ചന്‍ കോളനി, പാടവയല്‍ മേലെ അബ്ബണ്ണൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയ മൂന്ന് കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയുടെ ഉദ്ഘാടനവും ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് സ്മാർട്ട്‌ ഓഫീസാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന അപേക്ഷകളില്‍ ആദ്യഘട്ട





ഫയല്‍ അദാലത്തിലൂടെ 12,000 ത്തോളം അപേക്ഷകള്‍ തീർപ്പാക്കി. രണ്ടാംഘട്ടം ഉടൻ നടത്തും. ബജറ്റില്‍ പ്രഖ്യാപിച്ച ഭവനനിര്‍മാണ പദ്ധതി വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കും. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനൊപ്പം ഭൂരഹിതരായവർക്ക് ഭൂമി നൽകി വീട് നിർമിച്ചു നൽകാനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വട്ടലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയില്‍ എല്ലാ മേഖലയിലും സമഗ്ര വികസനവും സൗകര്യങ്ങളും തുടര്‍ന്നും നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെല്‍ പ്രോജക്ട് മാനേജര്‍ കെ.കെ. ഉണ്ണികൃഷ്ണന്‍, പി.എസ് ബിന്ദു, ഡോ. ബിനു ഫ്രാന്‍സിസ്, എസ്. അല്ലന്‍, ഷിബു സിറിയക്, ഡി.എസ് ചിത്ര, ഈശ്വരി രേശന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related