വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല : ലോകസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മണ്ണാർക്കാട്ടെ വ്യാപാരികൾ
മണ്ണാര്‍ക്കാട് നഗരസഭ, വ്യാപാരികളുടെ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ ലോകസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് വ്യാപാരികള്‍. കെട്ടിട നികുതി കുടിശ്ശികയാണ് വ്യാപാരികളേയും കുഴപ്പത്തിലാക്കിയിട്ടുള്ളത്. കുടിശ്ശിക അടക്കാത്ത കെട്ടിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. 2016 മുതലുള്ള പരിഷ്കരിച്ച നികുതി ഒറ്റത്തവണയായി വന്നതോടെ ഭീമമായ സംഖ്യയുടെ ബാധ്യതയാണ് കെട്ടിട ഉടമകള്‍ക്ക് വന്നിട്ടുള്ളത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച വ്യാപാരികള്‍ നഗരസഭ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കണമെന്ന അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍റെ സാങ്കേതികത്വം മൂലം ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറാവുന്നില്ല. ഇതോടെ ബാങ്ക് ലോണുകള്‍ പുതുക്കാനോ മറ്റു വിവിധ ലൈസന്‍സുകള്‍
എടുക്കാനോ കഴിയാതെ വലയുകയാണ് വ്യാപാരികള്‍. കെട്ടിട ഉടമകള്‍ നികുതി അടച്ചില്ലെങ്കില്‍ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നത് ശരിയല്ലെന്നും സോഫ്റ്റ് വെയർ വഴി സാധ്യമല്ലെങ്കില്‍ നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ ഇത് സാധ്യമാക്കണമെന്നും വ്യാപാരികള്‍ ആശ്യപ്പെട്ടു. വിഷയത്തില്‍ ഏപ്രില്‍ 25 ന് മുന്‍പ് പരിഹാരമായില്ലെങ്കില്‍ മണ്ണാര്‍ക്കാട്ടെ 2000 ലധികം വരുന്ന വ്യാപാരികളും, 5000 ധികം വരുന്ന തൊഴിലാളികളും, 10000 ലധികം വരുന്ന അവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ബാസിത്ത് മുസ്ലിം, ജനറൽ സെക്രട്ടി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സന്‍, ഡേവിസ്, ഷമീര്‍ യൂണിയന്‍, കൃഷ്ണദാസ് സിഗ്നല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.