നികുതി കുടിശ്ശിക പിരിക്കാനുള്ള ചെയര്‍മാന്‍റെ തിടുക്കം ബിനാമിയെവെച്ച് പാതാക്കര മലയിലെ ഭൂമി വാങ്ങാനെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍

മണ്ണാര്‍ക്കാട് നഗരസഭയോട് 2016 മുതലുള്ള നികുതി കുടിശ്ശിക പിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല, കുടിശ്ശിക ഒഴിവാക്കി തരണമെന്ന കൗണ്‍സില്‍ തീരുമാനം മരവിപ്പിക്കുക മാത്രമാണ് ചെയ്തത്. കുടിശ്ശിക പിരിക്കാനുള്ള തിടുക്കം പാതാക്കര മലയിലെ ഭൂമി വാങ്ങാനെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍. നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ വീടുകള്‍ കയറി തെറ്റായ പ്രചരണം നടത്തുന്നുവെന്ന യുഡിഎഫിന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സിപിഎം കൗണ്‍സിലര്‍മാര്‍. മുന്‍ ഭരണസമിതിയില്‍ പിന്‍സീറ്റ് ഭരണം നടത്തിയിരുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടിആര്‍ സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. അന്നത്തെ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ ഏക





സിപിഎം അംഗമായ താന്‍ മാത്രമെങ്ങനെ നികുതി വര്‍ധനവിന് കാരണമായതെന്നും സെബാസ്റ്റ്യന്‍ ചോദിച്ചു. നേരെത്തെ നികുതി അടച്ചതുക വീണ്ടും അടക്കണമെന്നാണ് നിര്‍ദ്ദേശം. കെ സ്മാര്‍ട്ടില്‍ പരിമിതിയുണ്ടെങ്കില്‍ അത് മാറ്റിതരാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നോ? തോക്കുചൂണ്ടി പണം വാങ്ങുന്ന സമീപനമാണിപ്പോള്‍ സ്വീകരിച്ചത്. ഇടത് കൗണ്‍സിലര്‍മാര്‍ വീട് കയറി തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി പിരിച്ചാല്‍ മാത്രമേ പാതാക്കര മലയിലെ ഭൂമി ഭിനാമികളെ വെച്ച് വാങ്ങാന്‍ കഴിയുവെന്ന് കൗണ്‍സിലര്‍ മന്‍സൂര്‍ പറഞ്ഞു. വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികളോട് വിഷയം ചര്‍ച്ച ചെയ്യും. സിപിഎം കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.